പോറ്റമ്മയ്ക്ക് ഒരു മുത്തം കൂടി… ഉണ്ണിക്കുട്ടനെ മാതാപിതാക്കള്‍ക്ക് കൈമാറി ഡോ. അനിതാ മേരി

കൊച്ചി: പോറ്റമ്മയ്ക്ക് ഒരുപിടി മുത്തം നല്‍കി ഉണ്ണിക്കുട്ടന്‍ മടങ്ങി… സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം. നിറ കണ്ണുകളോടെ ആ ഡോക്ടറമ്മ കുഞ്ഞു എല്‍വിനെ തിരികെയേല്‍പ്പിച്ചു.

സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വൈകാരിക നിമിഷങ്ങള്‍. കോവിഡ് കാലത്ത് കണ്ട ഏറ്റവും സുന്ദരവും നന്മനിറഞ്ഞതുമായ കാഴ്ചയായിരുന്നു അത്. ആ ദമ്പതികള്‍ ഡോ. അനിതാ മേരിക്ക് കൈകൂപ്പി നന്ദി പറയുമ്പോള്‍ കേരളത്തിന്റെ അതിജീവനത്തിന്റെ നന്മവറ്റാത്ത സ്‌നേഹസ്പര്‍ശം കൂടിയായിരുന്നു.

കോവിഡ് ബാധിച്ച അച്ഛന്റെയും അമ്മയുടെയും ആറ് മാസം മാത്രം പ്രായമായ കുഞ്ഞിന്റെ ഉത്തരവാദിത്വം ഒരു മാസം മുമ്പാണ് ഡോ. അനിതാ മേരി ഏറ്റെടുക്കുന്നത്. ഹരിയാനയില്‍ ആരോഗ്യ പ്രവര്‍ത്തകരായ ദമ്പതികളില്‍ അച്ഛനായിരുന്നു ആദ്യം രോഗം ബാധിച്ചത്. ഇതോടെ ആറ് മാസം മാത്രം പ്രായമായ കുഞ്ഞിനെയും കൂട്ടി ഭാര്യയെ അദ്ദേഹം നാട്ടിലേക്ക് വിട്ടു.

കേരളത്തിലെത്തിയ മാതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ കാര്യങ്ങള്‍ ഗുരുതരമായി. കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ അമ്മയ്ക്ക് പോസിറ്റീവ്. കുഞ്ഞ് എല്‍വിന് നെഗറ്റീവും. പരിശോധനയില്‍ നെഗറ്റീവായ കുഞ്ഞിനെ ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പം നിര്‍ത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ മൂത്തകുട്ടി നാട്ടില്‍ മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ആറ് മാസം മാത്രം പ്രായമായ കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാതായി.

ആദ്യത്തെ മൂന്ന് ദിവസം ആശുപത്രി ജീവനക്കാരും ശിശുക്ഷേമ സമിതിയും കുഞ്ഞിനെ നോക്കി. മാതാപിതാക്കള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനാല്‍ കുഞ്ഞിനെ നോക്കാന്‍ ബന്ധുക്കള്‍ പോലും മുന്നോട്ടു വന്നില്ല. ഈ സമയത്താണ് ശിശുക്ഷേമ സമിതി ഡോ. മേരി അനിതയെ സമീപിക്കുന്നത്. ഉണ്ണിക്കുട്ടന്‍ എന്നാണ് അനിത എല്‍വിനെ വിളിച്ചിരുന്നത്.

ഒരു മുറിയില്‍ ഒരു മാസത്തോളം അവരുടേതായ മാത്രം ലോകം. ചിരിപ്പിച്ചും കളിപ്പിച്ചും ലാളിച്ചും ഉണ്ണിക്കുട്ടന് ഡോ. അനിത പോറ്റമ്മയായി മാറി. വീഡിയോയിലൂടെയാണ് കുഞ്ഞിന്റെ കളിചിരികള്‍ ചികിത്സയിലായിരുന്ന മാതാപിതാക്കള്‍ കണ്ടിരുന്നത്. അതിനിടെ കുഞ്ഞിന്റെ അച്ഛന്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഹരിയാനയില്‍ നിന്നും നാട്ടിലെത്തി. പിന്നീട് അമ്മയുടെ പരിശോധനാഫലവും നെഗറ്റീവായി. നിരീക്ഷണകാലയളവും അവസാനിച്ചതോടെയാണ് സ്വന്തം കുഞ്ഞിനെ അവര്‍ അനിതയില്‍ നിന്നും ഏറ്റുവാങ്ങിയത്.

എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് എന്ന എന്‍ ജി ഒ യുടെ മേധാവിയാണ് ഡോ.മേരി അനിത. പ്ലസ്ടുവിലും ഏഴിലും അഞ്ചിലും പഠിക്കുന്ന മൂന്ന് മക്കളെ ഭര്‍ത്താവിനൊപ്പം നിര്‍ത്തിയാണ് അനിത കുഞ്ഞ് എല്‍വിനായി മാറിത്താമസിച്ചത്. ബന്ധുക്കള്‍ പോലും കോവിഡ് ഭീതിയില്‍ അകലം പാലിച്ചപ്പോള്‍ എല്ലാ ഭയവും മാറ്റി വെച്ച് പിഞ്ചു കുഞ്ഞിന്റെ സംരക്ഷണം ഡോ. മേരി അനിത ഏറ്റെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News