ഈ വർഷത്തെ കീം പ്രവേശന പരീക്ഷ ഇന്ന്

ഈ വർഷത്തെ കീം പ്രവേശന പരീക്ഷ ഇന്ന് നടക്കും. കേരളത്തിലും പുറത്തുമായി 1,10,250 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡിന്റെ സാഹചര്യത്തിൽ ഓരോ പരീക്ഷാ കേന്ദ്രത്തിലും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. രണ്ട് കൊവിഡ് പോസീറ്റിവായ വിദ്യാർത്ഥികളും പരീക്ഷയെഴുതും. പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.

ഈ വർഷത്തെ എഞ്ചിനീയറിങ്/ഫാർമസി പ്രവേശനത്തിനായുള്ള പരീക്ഷയാണ് ഇന്ന് നടക്കുക. കേരളത്തിലെ എല്ലാ ജില്ലകൾക്കും പുറമേ ദില്ലി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാർത്ഥികളാണ് കീം പരീക്ഷ എഴുതുന്നത്.

ഏപ്രിൽ 20, 21 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഇന്നത്തെക്ക് മാറ്റിയത്. കണ്ടെയ്ൻമെൻറ് സോൺ, ഹോട്ട്സ്പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിൾ ലോക്ഡൗൺ മേഖലകളിലും കൊവിഡ് വ്യാപനം തടയുന്നതിനുമുള്ള മുൻകരുതലുകൾ സ്വീകരിച്ചാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലിസിന്റെ സഹായം ഉറപ്പാക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയർഫോഴ്‌സ് അണുവിമുക്തമാക്കും.

സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധ സേനാ പ്രവർത്തകരുടെ സേവനം വിനിയോഗിക്കും. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടു വിദ്യാർത്ഥികൾ ആശുപത്രിയിലിരുന്ന് പരീക്ഷയെഴുതും.

ഇതരസംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്കും ക്വാറൻറൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും പ്രത്യേക റൂമുകൾ സജ്ജീകരിക്കും. പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേകസർവ്വീസും നടത്തും. രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 5 മണിവരെയുമായിട്ടാണ് പരീക്ഷ നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel