തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്ത് കേസ്; 3 പേര്‍ കൂടി അറസ്റ്റിൽ

സ്വർണക്കടത്തിന്‌ പണം നൽകിയവരുൾപ്പെടെ മൂന്നുപേരെ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മൂവാറ്റുപുഴ ആനിക്കാട്‌ ആര്യങ്കാലായിൽ എ എം ജലാൽ (38), മലപ്പുറം ഐക്കരപ്പടി പന്നിക്കോട്ടിൽ പി മുഹമ്മദ്‌ ഷാഫി (37), മലപ്പുറം കൊണ്ടോട്ടി ബാബുനിവാസിൽ ഹംജത്‌ അലി (51) എന്നിവരെയാണ്‌ പിടികൂടിയത്‌. ഷാഫിയും ഹംജതുമാണ്‌ പണമിറക്കിയത്‌. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഇവരെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു.

ലാൽ, സന്ദീപ്‌, റമീസ്‌ എന്നിവർ ചേർന്നാണ്‌ പണം മുടക്കുന്നവരെ കണ്ടെത്തിയിരുന്നത്‌. സ്വർണം വിൽക്കുന്നതും പണമിറക്കിയവർക്ക്‌ ലാഭവിഹിതം നൽകിയിരുന്നതും ജലാലാണ്‌. ഇയാൾക്ക്‌ സ്വപ്‌നയുമായി നേരിട്ട്‌ ബന്ധമില്ലെന്നാണ്‌ സൂചന. സ്വർണക്കടത്തിന്‌ ഉപയോഗിച്ച ഹംജതിന്റെ കാർ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. അടുക്കള ഫർണിച്ചർ നിർമിക്കുന്ന കമ്പനിയാണ്‌ ഹംജതിന്‌. ഇയാൾക്ക്‌ കൊച്ചിയിലും സ്ഥാപനമുണ്ട്‌.

സ്വർണക്കടത്തിലെ ബുദ്ധികേന്ദ്രമായ റമീസാണ്‌ യുഎഇയിലുള്ള ഫൈസൽ ഫരീദുമായി നേരിട്ട്‌ ഇടപാടുകൾ നടത്തിയിരുന്നത്‌. സന്ദീപിൽനിന്ന്‌ സ്വർണം വാങ്ങിയെന്ന്‌ സംശയിക്കുന്ന കോഴിക്കോട്‌ സ്വദേശിയുടെ വീട്ടിലും കസ്‌റ്റംസ്‌ പരിശോധന നടത്തി.

കസ്‌റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്‌ക്ക്‌‌ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും കസ്‌റ്റംസിന്‌ തുടരന്വേഷണത്തിന്‌ വിട്ടുനൽകാൻ എൻഐഎ സന്നദ്ധത അറിയിച്ചു. ജലാൽ, ഷാഫി, ഹംജത്‌ എന്നിവരെ കൊരട്ടിയിലെ കൊവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി. ഇവരെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന്‌ കസ്‌റ്റംസ്‌ അറിയിച്ചു.

അതിനിടെ സ്വർണക്കടത്ത്‌ കേസിൽ എൻഐഎ, കസ്‌റ്റംസ്‌ സംഘം ബുധനാഴ്‌ച തലസ്ഥാനത്ത്‌ പരിശോധന നടത്തി. രണ്ടാം പ്രതി സ്വപ്‌ന സുരേഷ്‌ ജോലി ചെയ്‌തിരുന്ന ഓഫീസിലും മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റിലുമായിരുന്നു പരിശോധന.

ടെക്‌നോപാർക്കിൽ കരാർ ജീവനക്കാരനായ അരുൺ ബാലചന്ദ്രനെ സിഇഒ പുറത്താക്കി.സ്വർണ്ണക്കടത്ത്‌ കേസ്‌ പ്രതികൾക്ക്‌ ഫ്‌ളാറ്റ്‌ വാടകയ്‌ക്ക്‌ എടുത്ത്‌ കൊടുത്തതിനാണ്‌ നടപടി. ഡയറക്‌ടർ മാർക്കറ്റിങ് ആൻഡ്‌ ഓപറേഷൻസ്‌ ആണ്‌ അരുൺ.

വിമാനത്താവള സ്വർണ്ണക്കടത്തിനായി പ്രതികൾ എട്ട് കോടി രൂപ സമാഹരിച്ചുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വർണം ദുബായിൽ നിന്ന് എത്തിച്ചത്.

മൂവാറ്റുപുഴ സ്വദ്ദേശി ജലാലാണ് ജ്വല്ലറികൾക്ക് വിൽക്കാൻ കരാറുണ്ടാക്കിയതെന്നാണ് സൂചന. സ്വർണക്കടത്ത്‌കേസിൽ റമീസുമായി ബന്ധമുള്ള ആറ്‌ പേരെ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News