സന്ദീപിന്റെ ബാഗില്‍ തീവ്രവാദബന്ധം സൂചിപ്പിക്കുന്ന രേഖകളില്ലെന്ന് എന്‍ഐഎ; കളളക്കടത്തിന് സമാഹരിച്ചത് എട്ടുകോടി; സ്വപ്നയ്ക്കും സരിത്തിനും കമ്മീഷനായി ഏഴു ലക്ഷം; കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ ബാഗില്‍ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന രേഖകളൊന്നും ഇല്ലെന്ന് എന്‍.ഐ.എ

ബാഗില്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് രസീതുകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും ലാപ് ടോപ്പ്, ഡയറി എന്നിവയുമാണ് കണ്ടെടുത്തത്. എട്ടു ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ് രേഖകളാണ് ബാഗിലുണ്ടായിരുന്നത്.

ഡയറിയില്‍ കണ്ടെത്തിയത് സ്വര്‍ണ്ണക്കടത്തിന് പണം നല്‍കിയവരുടെ വിവരങ്ങളാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സന്ദീപിനെ വീണ്ടും ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മലപ്പുറം, കോഴിക്കോട്, എറണാകുളം സ്വദേശികളുടെ വിവരങ്ങളാണ് ഡയറിയിലുള്ളത്.

അതേസമയം, കേസില്‍ മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സയ്തലവി, മലപ്പുറത്തെ ജ്വല്ലറി ഉടമ എന്നിവരാണ് അറസ്റ്റിലായത്. കടത്തിയ സ്വര്‍ണം ഇടപാട് നടത്തിയത് ഈ ജ്വല്ലറി ഉടമയാണ്. സ്വര്‍ണക്കടത്തിനായി പ്രതികള്‍ എട്ട് കോടി രൂപ സമാഹരിച്ചുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് മറ്റു രണ്ടുപേരുടെ അറസ്റ്റ്.

പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേര്‍ന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വര്‍ണം ദുബായില്‍ നിന്ന് എത്തിച്ചത്. മൂവാറ്റുപുഴ സ്വദ്ദേശി ജലാലാണ് ജ്വല്ലറികള്‍ക്ക് വില്‍ക്കാന്‍ കരാറുണ്ടാക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നക്കുമായി കമ്മീഷനായി നിശ്ചയിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here