രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; സച്ചിനെ ഉറ്റുനോക്കി കോൺഗ്രസും ബിജെപിയും

രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. സച്ചിൻ പൈലറ്റിന്റെ തുടർ നീക്കം അറിയാൻ ഉറ്റു നോക്കി കോൺഗ്രസും ബിജെപിയും. അനുനയ നീക്കങ്ങളോട് ഇതുവരെ സച്ചിൻ പ്രതികരിച്ചിട്ടില്ല. അയോഗ്യത വന്നാൽ നിയമപരമായി നേരിടുമെന്ന് സച്ചിൻ ക്യാമ്പ് വ്യക്തമാക്കുന്നു. തത്കാലം ഫ്ലോർ ടെസ്റ്റ് ആവശ്യപ്പെടേണ്ടെന്ന് ബിജെപിയിലെ ധാരണ

രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത് ഒരാഴ്ച ആകുമ്പോഴും ഭാവി നീക്കത്തെക്കുറിച്ച് സച്ചിൻ പൈലറ്റ് മൗനത്തിലാണ്. ഇത് സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിപ്രവചനാതീതമാക്കുന്നു. പുതിയ പാർട്ടി, കോൺഗ്രസിലേക്കുള്ള മടക്കം, ബിജെപി അംഗത്വമെടുക്കൽ ഇതാണ് സച്ചിന് മുന്നിലുള്ള വഴികൾ. ഇതിൽ ഏത് സ്വീകരിക്കും എന്ന് വ്യക്തമാകും വരെ ഈ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരും. തിരികെ പാർട്ടി ക്യാപിലേക്ക് കോൺഗ്രസ് സ്വാഗതം ചെയ്തുവെങ്കിലും സച്ചിൻ ഇപ്പോഴും മൗനത്തിലാണ്.

ഹരിയാനയിലെ റിസോർട്ട് വിടാനും തയ്യാറാകുന്നില്ല. അയോഗ്യതാ ഭീഷണിയാണ് സച്ചിൻ ക്യാപിനെ അലട്ടുന്ന അടിയന്തര ഭീഷണി. പാർട്ടിക്ക് വഴങ്ങാൻ സച്ചിൻ തയ്യാറാകുന്നില്ല എങ്കിൽ അയോഗ്യത കല്പിക്കാൻ സ്പീക്കർക്ക് മേൽ കോൺഗ്രസ് സമ്മർദ്ദം ശക്തമാക്കും. അയോഗ്യത സംബന്ധിച്ച് സ്പീക്കർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നാളെയ്ക്കകം മറുപടി നൽകണം. ഇത് എങ്ങനെ നേരിടുമെന്ന ആലോചനയിലാണ് സച്ചിൻ.

സ്പീക്കറുടെ അധികാരങ്ങളിൽ കോടതികൾ അധികം കൈ കടത്താറില്ല. എങ്കിലും നിയമ വഴി തേടി അയോഗ്യത പ്രഖ്യാപനം നീട്ടാൻ ലക്ഷ്യമിടുന്നു. ചിത്രത്തിലേക്ക് പൂർണമായും രംഗ പ്രവേശം ചെയ്യാത്ത ബിജെപി ഇപ്പോഴും കാത്തിരുന്നു കാണാം എന്ന നിലപാടിലാണ്.

ബിജെപിയിൽ ചേരില്ലെന്ന് സച്ചിൻ പറയുമ്പോഴും ആ സാധ്യത തള്ളാതെ നിൽക്കുന്നു കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവത്ത്.സച്ചിൻ പൈലറ്റ് 20 മുതൽ 25 എംഎൽഎമാരെ ഗെഹ്ലോട്ട് ക്യാമ്പിൽ നിന്ന് അടർത്തിയെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ മാത്രം പരസ്യ നീക്കങ്ങളിലേക്ക് കടക്കാമെന്ന് ബിജെപി ആലോചിക്കുന്നു. അതിന് സച്ചിന്റെ ഭാവി പദ്ധതി അറിയണം.

ആ കാത്തിരിപ്പിലാണ് അവർ തത്കാലം ഫ്ലോർ ടെസ്റ്റ് എന്ന ആവശ്യം ഉന്നയിക്കില്ല. സച്ചിനെ അനുനയിപ്പിക്കുന്നതിൽ ദേശീയ നേതൃത്വം തല്പരരെങ്കിലും അശോക്‌ ഗെഹ്ലോട്ട് അത് ആഗ്രഹിക്കുന്നില്ല. സച്ചിൻ പോയാൽ ഇടക്കിടെ സർക്കാരിനെതിരായ ഭീഷണിയുടെ നിഴൽ ഒഴിവാകും, പാർട്ടിയിലും സർക്കാരിലും പൂർണ ആധിപത്യമുറപ്പിക്കാം ഗെഹ്ലോട്ട് കണക്ക് കൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News