ഇല്ലാത്ത സൗകര്യങ്ങളും ആനുകൂല്യങ്ങളും ജോണ്‍ ബ്രിട്ടാസിന് മേല്‍ ചാര്‍ത്തി മനോരമ; മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പദവിയെ മുന്‍നിര്‍ത്തിയുള്ള വാര്‍ത്ത തിരുത്തണമെന്ന് മനോരമയോട് ബ്രിട്ടാസ്

തിരുവനന്തപുരം: മലയാള മനോരമയുടെ എഡിറ്റ് പേജിലെ പരമ്പരയില്‍ തന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അസത്യവും വസ്തുതാ വിരുദ്ധവുമാണെന്ന് കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്. പരമ്പരയിലെ പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ക്ക് കത്ത് അയച്ചു.

കത്തിന്റെ പൂര്‍ണരൂപം ചുവടെ:

മലയാള മനോരമയുടെ എഡിറ്റ് പേജിലെ പരമ്പരയില്‍ എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എല്ലാം തന്നെ അസത്യവും വസ്തുതാ വിരുദ്ധവുമാണ്.

ജനങ്ങളുടെ മനസ്സില്‍ അനാവശ്യ തെറ്റിധാരണക്ക് ഇത് കാരണമാകുന്നു. ശമ്പളം വാങ്ങുന്നില്ലെങ്കിലും ”ഓഫീസ്, ബത്തകള്‍, കാര്‍” എന്നിവ ഞാന്‍ കൈപറ്റുന്നതായിട്ടാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ സര്‍ക്കാറിന്റെ ആനുകൂല്യം എന്ന നിലയില്‍ ഒരു രൂപ ഞാന്‍ കൈപറ്റിയിട്ടില്ല. മാത്രവുമല്ല, സര്‍ക്കാറിന്റെ ആവശ്യത്തിന് ഞാന്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ചിലവ് സര്‍ക്കാറില്‍ നിന്ന് വാങ്ങിയിട്ടില്ല.

ഇത്തരം ആവശ്യങ്ങള്‍ക്കുള്ള താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുകയും സ്വന്തം നിലയ്ക്കാണ് വഹിച്ചിട്ടുള്ളത്. എന്തിനേറെ ഹോണററി പദവി മുന്‍നിര്‍ത്തി ഒരു വിസിറ്റിംഗ് കാര്‍ഡ് പോലും സര്‍ക്കാറില്‍ നിന്ന് അടിച്ചു വാങ്ങിയിട്ടില്ല.

എല്ലാവര്‍ക്കും അറിയാവുന്ന ഒരു മാധ്യമ സ്ഥാപനത്തിന്റെ ചുമതലക്കാരനായിട്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. മനോരമ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഒരു ഫോണ്‍ കോളില്‍ ബന്ധപ്പെടാവുന്നതേയുള്ളൂ.

കേവലപരമായ വാര്‍ത്തയിലോ അല്ലെങ്കില്‍ ആരുടെയെങ്കിലും പ്രതികരണത്തിലോ അല്ല, ഈ അവാസ്തവങ്ങള്‍ വന്നത്.

ഗവേഷണം ചെയ്ത് തയ്യാറാക്കുന്നു എന്ന് പറയപ്പെടുന്ന, എഡിറ്റ് പേജില്‍ വരുന്ന, ആധികാരിക പരമ്പരയില്‍ ആണ് ഈ അസത്യങ്ങള്‍ കടന്നു വന്നത്. എനിക്കും മുഖ്യമന്ത്രിക്കും എന്തിനേറെ സര്‍ക്കാറിനും എതിരെ തെറ്റിധാരണ സൃഷ്ടിക്കാനാണ് ഇത് വഴിവച്ചത്. ഉചിതമായ പ്രാധാന്യത്തോടെ ഇതിന്റെ തിരുത്ത് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്ന്,
വിശ്വസ്തതയോടെ,
ജോണ്‍ ബ്രിട്ടാസ്
മാനേജിംഗ് ഡയറക്ടര്‍
മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News