സ്വര്‍ണക്കടത്തില്‍ യുഎഇ അറ്റാഷെയ്ക്ക് നേരിട്ട് പങ്ക്; ജൂണില്‍ സ്വപ്‌നയുമായി ഫോണില്‍ ബന്ധപ്പെട്ടത് 117 തവണ, ജൂലൈ മൂന്നിന് 20 തവണ #WatchVideo

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ പങ്കുണ്ടെന്ന് സൂചന.

കേസിലെ പ്രതിയായ സ്വപ്നയെ അറ്റാഷെ ഫോണില്‍ ബന്ധപ്പെട്ടത് 22 തവണയാണ്. സ്വര്‍ണക്കടത്തുമായി അറ്റാഷെയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന.

കേന്ദ്രഏജന്‍സികള്‍ നോക്കിയിരിക്കെ വിമാനത്താവളം വഴിയാണ് അറ്റാഷെ യുഎഇയിലേക്ക് മടങ്ങിയത്. ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തുനിന്ന് ദില്ലിയിലേക്ക് പോയത്. അവിടെ നിന്നാണ് യുഎഇയിലേക്ക് മടങ്ങിയത്.

സംഭവത്തില്‍ കേന്ദ്രഏജന്‍സികള്‍ക്ക് വന്‍വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്നയും സരിത്തും കടത്താന്‍ ശ്രമിച്ച സ്വര്‍ണമടങ്ങിയ ബാഗ് അറ്റാഷെയുടെ പേരിലായിരുന്നു എത്തിയത്.

അതേസമയം, യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കേണ്ട അറ്റാഷെയ്ക്ക് രാജ്യം വിട്ടുപോയതില്‍ ദുരൂഹതയുണ്ട്. കേസ് അട്ടിമറിക്കാന്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ ഇക്കാര്യത്തില്‍ ആദ്യ ഘട്ടം മുതല്‍ ദുരൂഹമായ ഇടപെടലുകളാണ് നടത്തുന്നത്. അറ്റാഷെയെ ഇന്ത്യയില്‍ നിലനിര്‍ത്താതിരുന്നത് എന്തുകൊണ്ടെന്ന് മുരളീധരന്‍ വ്യക്തമാക്കണം. സ്വര്‍ണ്ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ലെന്ന് ആദ്യമേ വി മുരളീധരന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.

കേന്ദ്ര ഏജന്‍സികളുടെ പ്രത്യേക അന്വഷണം ആവശ്യപ്പെടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സംസ്ഥാന മന്ത്രിസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടാലേ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയൂ എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാന്‍ തുടക്കം മുതല്‍ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here