കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ തുടരുന്നു. ഇന്ന് അറസ്റ്റിലായ മുഹമ്മദ് അന്‍വര്‍, സെയ്ദലവി എന്നിവരെ റിമാന്‍ഡ് ചെയ്തു. കേസിലെ പ്രധാനപ്രതിയായ സന്ദീപിന്റെ ബാഗില്‍ നിന്ന് എന്‍ഐഎ വിദേശകറന്‍സിയും സര്‍ട്ടിഫിക്കറ്റുകളും കണ്ടെത്തി. അതേസമയം എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഒന്നാം പ്രതി സരിത്ത് എസിജെഎം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു.
സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം വ്യാപിക്കുമ്പോള്‍ കേസിലെ പ്രതിപ്പട്ടികയും വിപുലമാകുകയാണ്. കേസില്‍ ഇന്ന് അറസ്റ്റിലായ മുഹമ്മദ് അന്‍വര്‍, സെയ്ദലവി എന്നിവരെ കസ്റ്റംസ് മണിക്കൂറോളം ചെയ്തു. സ്വര്‍ണ്ണക്കടത്തിന് പണം മുടക്കിയവരാണ് ഇവരെന്ന് കസ്റ്റംസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ആലുവയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ പരിശോധനാഫലം പുറത്തുവന്ന ശേഷം കസ്റ്റഡി അപേക്ഷ നല്‍കാനാണ് തീരുമാനം.
അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുളള കോഴിക്കോട് സ്വദേശിയായ ഷംജുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതിനിടെ കേസിലെ മുഖ്യ കണ്ണിയായ സന്ദീപ് നായരുടെ ബാഗില്‍ നിന്നും വിദേശകറന്‍സിയും സര്‍ട്ടിഫിക്കറ്റുകളും എന്‍ഐഎ കണ്ടെടുത്തു. നളന്ദ, സിക്കിം സര്‍വ്വകലാശാലയില്‍ നിന്നുളള ബിരുദ സര്‍ട്ടിഫിക്കറ്റാണ് കണ്ടെത്തിയത്. ഇവ വ്യാജമാണെന്ന് എന്‍ഐഎ സംശയിക്കുന്നു.
ഡോളര്‍, റിയാല്‍ അടക്കം വിദേശ കറന്‍സികളും ഡയറി, ലാപ്‌ടോപ്പ്, ബാങ്ക് രേഖകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന രേഖകളൊന്നും ബാഗില്‍ ഇല്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. നയതന്ത്ര സുരക്ഷയോടെ കടത്തുന്ന സ്വര്‍ണ്ണക്കടത്തിനായി കോടികള്‍ സമാഹരിച്ചതിന്റെ തെളിവും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുണ്ട്.
ജലാലും റെമീസും അംജദും സന്ദീപും ചേര്‍ന്നാണ് പണം സമാഹരിച്ചത്. റെമീസിന്റെ കസ്റ്റഡിക്കായി കസ്റ്റംസ് നല്‍കിയ അപേക്ഷ കോടതി നാളെ പരിഗണിക്കും. അതിനിടെ എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഒന്നാം പ്രതി സരിത്ത് എസിജെഎം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു. സ്വര്‍ണ്ണക്കടത്തില്‍ കളളപ്പണം ഒഴുകിയിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ എന്‍ഫോഴ്‌സ്‌മെന്റും പ്രാഥമിക അന്വേഷണം ആരംഭിച്ചു.
Get real time update about this post categories directly on your device, subscribe now.