രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയവര്‍ പരിശോധനയ്ക്ക് മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ; തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗ വ്യാപനം വര്‍ധിക്കുന്നു

തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയവര്‍ പരിശോധനയ്ക്ക് മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 91 പേര്‍ക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചപ്പോള്‍ 17 പേര്‍ക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയിട്ടുള്ളവര്‍ സ്വമേധയാ ആരോഗ്യ പ്രവര്‍ത്തരുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ :

തലസ്ഥാന നഗരിയിലാണ് ഈ അനുഭവം. നിയന്ത്രണം പാലിക്കാതെ ആളുകള്‍ കടയില്‍ ചെന്ന് സാധനം വാങ്ങുന്നതിനൊപ്പം കൊറോണയും വാങ്ങി തിരിച്ച് പോകുന്ന അവസ്ഥയാണ്. എല്ലാവരെയും ചിന്തിപ്പിക്കേണ്ട കാര്യമാണിത്. തലസ്ഥാനത്തിന്റ അനുഭവം മുന്‍നിര്‍ത്തി നടപടികള്‍ പുനക്രമീകരിക്കും. തലസ്ഥാനത്തെ ആര്‍ക്കൊക്കെ രോഗം ബാധിച്ചെന്ന് പരിശോധനയിലൂടെയേ വ്യക്തമാകൂ. ഈ ദിവസങ്ങളില്‍ ഈ കടയില്‍ പോയി തുണി വാങ്ങിയവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണം. പരിശോധനയക്ക് സ്വയമേ മുന്നോട്ട് വരണം.

ശാരീരിക അകലം നിര്‍ബന്ധമായി പാലിക്കണം. കൈ കഴുകല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ ശരിയായ രീതിയില്‍ പിന്തുടരണം. രോഗികളാകുന്നവരെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമായ സഹായം നല്‍കണം. കമ്പോളങ്ങള്‍,. വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നു. പൊതുജനം കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകള്‍ എത്തുന്ന ഇടങ്ങളില്‍ രോഗം പടര്‍ന്ന് പിടിക്കാതിരിക്കാനും അവശരായവരെ സംരക്ഷിക്കാനും മുന്‍ഗണന നല്‍കണം. ബ്രേക് ദി ചെയ്ന്‍ പ്രചാരണം വിജയിപ്പിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം.

എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് ഒരുക്കും. 100 കിടക്കകളുള്ള സംവിധാനം ഓരോ പഞ്ചായത്തിലും ഒരുക്കും. ഇതിന് വേണ്ട ആരോഗ്യപ്രവര്‍ത്തകരെയും കണ്ടെത്തും. ആരോഗ്യപ്രവര്‍ത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവര്‍ത്തനം വിപുലീകരിക്കും. ഏത് നിമിഷവും സേവനം ലഭിക്കാന്‍ സേനയെ പോലെ സംവിധാനം ഉണ്ടാക്കും. എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതില്‍ സഹകരിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News