കൊവിഡിനെ നിസാരവത്കരിക്കുന്ന ചിലര്‍ നമുക്ക് ചുറ്റുമുണ്ട്; തെറ്റിദ്ധരിപ്പിച്ച് രോഗം വര്‍ധിച്ച് അതില്‍ സായൂജ്യമടയാനാണ് ഇവരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നിസാരവത്കരിക്കുന്ന കുറച്ച് പേരെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും വിദേശത്ത് ആളുകള്‍ തിങ്ങിപ്പാര്‍ത്തിട്ടും കുഴപ്പമുണ്ടായില്ലെന്നും ചിലര്‍ പ്രചാരണം നടക്കുന്നു.

കാര്യമായ ജാഗ്രതയുടെ ആവശ്യമില്ലെന്നാണ് പ്രചാരണങ്ങളുടെ കാതല്‍. ഇവര്‍ പ്രധാനപ്പെട്ട വസ്തുത കാണുന്നില്ല. അല്ലെങ്കില്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് രോഗം വര്‍ധിച്ച് അതില്‍ സായൂജ്യമടയാനാണ് ഇവരുടെ ശ്രമം.-മുഖ്യമന്ത്രി പറഞ്ഞു.

ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലായിടത്തെ ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ പ്രതിരോധ പ്രവര്‍ത്തനം നടത്തണം. ശാരീരിക അകലം നിര്‍ബന്ധമായി പാലിക്കണം. കൈ കഴുകല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ ശരിയായ രീതിയില്‍ പിന്തുടരണം. രോഗികളാകുന്നവരെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമായ സഹായം നല്‍കണം. കമ്പോളങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നുണ്ട്.

പൊതുജനം കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകള്‍ എത്തുന്ന ഇടങ്ങളില്‍ രോഗം പടര്‍ന്ന് പിടിക്കാതിരിക്കാനും അവശരായവരെ സംരക്ഷിക്കാനും മുന്‍ഗണന നല്‍കണം. ബ്രേക് ദി ചെയ്ന്‍ പ്രചാരണം വിജയിപ്പിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് ഒരുക്കും. 100 കിടക്കകളുള്ള സംവിധാനം ഓരോ പഞ്ചായത്തിലും ഒരുക്കും. ഇതിന് വേണ്ട ആരോഗ്യപ്രവര്‍ത്തകരെയും കണ്ടെത്തും. ആരോഗ്യപ്രവര്‍ത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവര്‍ത്തനം വിപുലീകരിക്കും. ഏത് നിമിഷവും സേവനം ലഭിക്കാന്‍ സേനയെ പോലെ സംവിധാനം ഉണ്ടാക്കും. എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതില്‍ സഹകരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News