മേയറുടെ ഒത്താശയോടെ റവന്യൂ രേഖകളിൽ തിരിമറി; കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറിയെ നീക്കി

മേയറുടെ ഒത്താശയോടെ റവന്യൂ രേഖകളിൽ തിരിമറി നടത്തിയ കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറിയെ നീക്കി. കൊച്ചി കോർപ്പറേഷനിലെ അഡീഷണൽ സെക്രട്ടറി ആർ രാഹേഷ് കുമാറിനെയാണ് തൽസ്ഥാനത്ത് നിന്നും കോവിഡ് പ്രതിരോധപ്രവർത്തന ഡ്യൂട്ടിയിലേക്ക് മാറ്റിയത്.

ലൈൻ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി റവന്യൂ രേഖകൾ തിരുത്തിയത് വഴി പിഴയിനത്തിൽ സർക്കാരിന് ഇരുപത് കോടിയോളം രൂപ നഷ്ടമാകുകയും കോടതിയിൽ നടന്ന കേസിൽ ലൈൻ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ജയിക്കുകയും ചെയ്തിരുന്നു.

കൊച്ചി കോർപ്പറേഷനിലെ മുപ്പത്തിയേഴാം ഡിവിഷനിൽ 24/1 എ3,24/1 എ4 എന്നീ സർവേ നമ്പറുകളിൽ ഉൾപ്പെട്ട നെൽവയൽ ഭൂമിയാണ് കോർപ്പറേഷൻ റവന്യൂ രേഖകളിൽ കൃത്രിമം കാണിച്ചത് വഴി സ്വകാര്യ കമ്പനി കൈവശപ്പെടുത്തിയത്.

ലൈൻ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇവിടെ നിയമം മറികടന്നു നിർമിക്കാൻ ഒരുങ്ങുന്നത് ഇരുപത്തി ഒന്നായിരം ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ്. നെൽവയൽ കരഭൂമിയാക്കി തരം മാറ്റുമ്പോൾ നെൽവയൽ സംരക്ഷണ നിയമപ്രകാരം സർക്കാരിലേക്ക് ലഭിക്കേണ്ടിയിരുന്ന ഇരുപത് കോടി രൂപ നഷ്ടപ്പെടുത്തിയത് മേയർ അധ്യക്ഷയായ ലോക്കൽ ലാൻഡ് മോണിറ്ററിംഗ് കമ്മിറ്റിയും.

ഭൂമിയിലെ നിർമാണം സംബന്ധിച്ചു കോടതിയിൽ നടക്കുന്ന കേസിൽ അഡീഷണൽ സെക്രട്ടറി ആർ രാഹേഷ് കുമാർ സ്വന്തം നിലയ്ക്ക് കക്ഷി ചേർന്ന്. ചട്ടപ്രകാരം കോർപ്പറേഷൻ സെക്രട്ടറിയാണ് കേസിൽ കക്ഷി ചേരേണ്ടിയിരുന്നത്.

കേസിൽ സ്വകാര്യ കമ്പനിക്കെതിരെ കോർപ്പറേഷൻ തോറ്റതോടെയാണ് ഇവരെ വഴിവിട്ടു സഹായിച്ച ആർ രാഹേഷ് കുമാറിനെ പദവിയിൽ നിന്നും നീക്കം ചെയ്തത്. കോർപ്പറേഷൻ ചുമതലകളിൽ നിന്ന് നീക്കം ചെയ്ത രാഹേഷ് കുമാറിനെ ജില്ലാ ഭരണകൂടത്തിന് കീഴിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് നിയമിച്ചത്.

കേരള മുനിസിപ്പൽ ബിൽഡിംഗ് റൂൾ പ്രകാരം കരഭൂമിയിൽ മാത്രമേ കെട്ടിടം പണിയാൻ കഴിയൂ എന്നായിരുന്നു കേസിൽ ഹാജരായ കൊച്ചി കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി ആർ രാഹേഷ് കുമാർ കോടതിയിൽ മറുപടി നൽകേണ്ടിയിരുന്നത്. എന്നാൽ അത്തരം മറുപടി കൊടുക്കാതെ കോടതി അലക്ഷ്യത്തിനു കേസ് ഫയൽ ചെയ്യാനാണ് സ്വകാര്യ കമ്പനിയെ മേയറും അഡീഷണൽ സെക്രട്ടറിയും സഹായിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here