ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകളാണ് തയ്യാറാക്കുന്നത്.

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചരിത്രം തീര്‍ത്ത ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഗോത്രവിഭാഗത്തിലുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാ ബുദ്ധിമുട്ടുകളില്ലാതെ ഇനി പഠിക്കാം.

പൂച്ചകളുടെയുംകിളികളുടെയുമെല്ലാം കഥകളും പാട്ടും തനത് ഗോത്രഭാഷയില്‍ അവര്‍ക്കും മുന്നിലെത്തും. മുഡുഗ ഭാഷയില്‍ അഗളി എല്‍പി സ്കൂളിലെ അധ്യാപികയായ ടി ആര്‍ വിദ്യയും, ഇരുള ഭാഷയില്‍ അഗളി എല്‍പി സ്കൂളിലെ സി രേശിയും കുറുന്പ ഭാഷയില്‍ കക്കുപ്പടി സ്കൂളിലെ കലൈ ശെല്‍വിയുമാണ് ക്ലാസുകളുമായി വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലെത്തുന്നത്.

ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസ് തയ്യാറാക്കുന്നത്. സമഗ്രശിക്ഷാ കേരള നടപ്പിലാക്കുന്ന പദ്ധതി ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ സിപി വിജയനാണ് നേതൃത്വം നല്‍കുന്നത്.

പാഠഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതോടെ ഇരുള, മുഡുഗ, കുറുന്പ ഊരുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍ പ്രദര്‍ശിപ്പിക്കും. ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഭാഷാ പ്രശ്നം പരിഹരിക്കാനായി
ഗോത്ര ഭാഷയില്‍ പഠിപ്പിക്കുന്ന സ്പെഷ്യല്‍ അധ്യാപകരെ രാജ്യത്ത് തന്നെ ആദ്യമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചുരുന്നു.

കൊവിഡ് പ്രതിസന്ധികാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറുന്പോ‍ഴും എല്ലാ മേഖലയിലെയും വിദ്യാര്‍ത്ഥികളിലേക്കും വിദ്യാഭ്യാസമെത്തണമെന്ന കരുതലിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ ഗോത്രാ ഭാഷയിലുള്ള പഠനവും സാധ്യമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here