ആദ്യഘട്ടപരീക്ഷണത്തിൽ കൊവിഡിനെതിരെ ‘ഇരട്ടപ്രതിരോധം’ തീർത്തു; ചൈനയിൽ 2 വാക്‌സിനുക‍ള്‍ അവസാനഘട്ട പരീക്ഷണത്തിന്‌

ഓക്‌സ്‌ഫഡ്‌ സർവകലാശാലയുടെ കൊവിഡ്‌ വാക്‌സിൻ(ചാഡ്‌ഓക്സ് ‌1 എൻകോവ് ‌19) പരീക്ഷണത്തിൽ വമ്പിച്ച മുന്നേറ്റമുണ്ടായെന്ന്‌‌ ശാസ്‌ത്രജ്ഞർ. മനുഷ്യരിൽ നടത്തിയ ആദ്യഘട്ടപരീക്ഷണത്തിൽ കൊവിഡിനെതിരെ ‘ഇരട്ടപ്രതിരോധം’ തീർക്കാൻ വാക്‌സിനായെന്നാണ്‌ കണ്ടെത്തൽ.

വാക്‌സിൻ പരീക്ഷിച്ചവരിൽ പ്രതിവസ്‌തുവും ‘അന്തക ടി കോശങ്ങളും’ ഉൽ‌പ്പാദിപ്പിച്ചു. രോഗബാധിതകോശങ്ങളെ നശിപ്പിക്കുന്നവയാണ്‌ തൈമസ്‌ ഗ്രന്ഥിയിൽ ഉണ്ടാകുന്ന ടി കോശം. പ്രതിവസ്‌തുക്കൾ മാസങ്ങൾക്കകം ഇല്ലാതായാലും ടി കോശങ്ങൾ വർഷങ്ങളോളം നിലനിൽക്കും. ഇപ്പോഴത്തെ ഫലം മികച്ചതാണെന്നും ഇനിയും കടമ്പകളുണ്ടെന്നും ശാസ്‌ത്രജ്ഞർ പറഞ്ഞു.

ഓക്‌സ്‌ഫഡിന്റെ ആദ്യഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ ദി ലാൻസെറ്റ്‌ ജേണലിൽ പ്രസിദ്ധീകരിക്കും. മൂന്നാംഘട്ട പരീക്ഷണം ഉടൻ ആരംഭിക്കും.
അതേസമയം, ചൈനയിൽ സർക്കാർ കമ്പനിയിലെ തൊഴിലാളികളും ഉന്നത ഉദ്യോഗസ്ഥരും പരീക്ഷണ വാക്‌സിൻ കുത്തിവച്ചു. സർക്കാർ മനുഷ്യരിൽ പരീക്ഷിക്കുന്നത്‌ അനുമതി നൽകുന്നതിന്‌ മുമ്പാണ്‌ ഇവർ പരീക്ഷണ വാക്‌സിൻ കുത്തിവയ്പ്‌ എടുത്തത്‌.

മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുള്ള 24 വാക്‌സിനിൽ എട്ടെണ്ണം ചൈനയിൽനിന്നാണ്‌. ഇതിൽത്തന്നെ സിനോഫാമും മറ്റൊരു ചൈനീസ്‌ കമ്പനിയും അവസാനഘട്ട വാക്‌സിൻ പരീക്ഷണത്തിലാണ്‌. അമേരിക്കയിൽ ദേശീയ ആരോഗ്യകേന്ദ്രവും മോഡേണയും സംയുക്തമായി വികസിപ്പിച്ച വാക്‌സിനും അന്തിമ പരീക്ഷണമ 27ന്‌ തുടങ്ങും. ലോകത്ത്‌ നൂറിൽപരം വാക്‌സിൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News