”പ്രതീക്ഷിക്കുന്നതിലും വന്‍സംഘമാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്ന് ജയ്‌ഘോഷ് ഭാര്യയോട് പറഞ്ഞു; അവര്‍ അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നു”; യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്റെ തിരോധാനത്തില്‍ ദുരൂഹത വര്‍ധിക്കുന്നു

യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയ്‌ഘോഷിനെയാണ് കാണാതായത്. രണ്ടു ദിവസം മുമ്പ് ബൈക്കിലെത്തിയ സംഘം ജയ്‌ഘോഷിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപെടത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായ ജയ്‌ഘോഷിനെ കാണാതായെന്ന പരാതി തുമ്പ പൊലീസിന് ലഭിക്കുന്നത്. ഉച്ചക്ക് ശേഷം കാണാതായെന്നാണ് പരാതി. ഇയാള്‍ എന്‍ഐഎ കസ്റ്റഡിയിലുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. എന്നാല്‍ കസ്റ്റംസോ എന്‍.ഐ.എയോ ജയഘോഷിനെ വിളിച്ചിട്ടില്ല. പ്രതീക്ഷിക്കുന്നതിലും വലിയ സംഘമാണ് സ്വര്‍ണക്കടത്തിനു പിന്നിലെന്ന് ജയ്‌ഘോഷ് ഭാര്യയോട് പറഞ്ഞിരുന്നുവെന്നും അവര്‍ അപായപ്പെടുത്തുമെന്ന് ജയഘോഷ് ഭയന്നിരുന്നതായും അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് പറഞ്ഞു.

ഇദ്ദേഹം ഏഴു വര്‍ഷത്തോളം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി നോക്കിയിരുന്നു. തുടര്‍ന്നാണ് യുഎഇ കോണ്‍സുലേറ്റില്‍ ഡെപ്പ്യൂട്ടേഷനില്‍ എത്തുന്നത്.

കോണ്‍സില്‍ ജനറലിന്റെ ഗണ്‍മാനായിരുന്നതിനാല്‍ ഇദ്ദേഹം സ്വപ്നയേയും തിരിച്ചും ഫോണില്‍ ബന്ധപ്പെടാറുണ്ട്. സ്വര്‍ണക്കടത്തു സംഘത്തിന്റെ ഭീഷണി വന്നതിനു ശേഷം ജയഘോഷ് മാനസികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനു ശേഷം വട്ടിയൂര്‍കാവ് പൊലീസ് സ്റ്റേഷനില്‍ തന്റെ സര്‍വീസ് റൈഫിള്‍ സറണ്ടര്‍ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം കൈരളി വാര്‍ത്താസംഘം ജയ്‌ഘോഷിനെ ബന്ധപ്പെട്ടിരുന്നു. ജയ്‌ഘോഷിനോട് സ്വപനയുമായുള്ള ഫോണ്‍സംഭാഷണത്തെ കുറിച്ച് തിരക്കിയപ്പോള്‍ നയതന്ത്രകാര്യാലയത്തിലെ കാര്യങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും എന്തെങ്കിലുമുണ്ടങ്കില്‍ അന്വേഷണ ഏജന്‍സിയോട് പറഞ്ഞു കൊള്ളാമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. ഇതിന് പിന്നാലെയാണ് ജയ്‌ഘോഷിനെ കാണാതാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News