തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടത്തണമെന്നും സമഗ്രമായ പരിശോധനയാണ് വേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഐ എമ്മിനും കേസില്‍ ഒന്നും മറച്ചുവക്കാനില്ല. അതിനാലാണ് യുക്തമായ ഏജന്‍സിയെ കേന്ദ്രം നിയമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
എന്നാല്‍ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ സിപിഐ എമ്മിനും സര്‍ക്കാരിനുമെതിരായി
സംഭവത്തെ ഉപയോഗപ്പെടുത്തണം എന്ന തരത്തിലുള്ള ഗൂഢാലോചന പ്രതിപക്ഷത്ത് നടക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്വര്‍ണക്കടത്ത് പിടികൂടിയത് കസ്റ്റംസിന്റെ ധീരമായ നടപടിയായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന സ്വര്‍ണം അതിന്റെ ഗൗരവത്തിനനുസരിച്ച് കസ്റ്റംസ് ഇടപെട്ട് പിടികൂടി- അദ്ദേഹം വിശദീകരിച്ചു
കോവിഡ് പ്രതിരോധത്തിനായി രംഗത്തിറങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കടക്കം പലയിടങ്ങളില്‍ രോഗം പിടിപെടുന്നു എന്നത് വളരെ ഭീതിജനകമായ അവസ്ഥയായിരിക്കുകയാണ്. സന്നദ്ധ പ്രവഹര്‍ത്തനത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി മാതൃകയാകണം. തദ്ദേശ ഭരണ സ്ഥാപനം മുന്‍കയ്യെടുത്ത്, ഓരോ പ്രദേശത്തും എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്നതിന് നേതൃത്വം കൊടുക്കണം.
ഇടത് തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പ്രതിപക്ഷ തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോഴും നിസഹകരണം കാണിക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഇടപെടണം, ജനങ്ങള്‍ സഹകരിക്കുകയും ചെയ്യണം. മഹാമാരിയെ നേരിടാന്‍ എല്ലാവരും പങ്കാളികളാകണം. ആരെയും പ്രവര്‍ത്തനത്തില്‍ നിന്നും മാറ്റിനിര്‍ത്തരുതെന്നും അദ്ദേഹം വിശദീകരിച്ചു.
അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് വിപുലമായ അധികാരമുണ്ട്. അത്തരമൊരു ഏജന്‍സി അന്വേഷണം ഏറ്റെടുത്തതോടെ അന്വേഷണത്തിന്റെ തലത്തിന് മാറ്റം വന്നു. യുഎപിഎ തന്നെ എന്‍ഐഎ ചുമത്തി. എല്ലാ വസ്തുതകളും പുറത്ത് കൊണ്ടുവരാന്‍ സാധിക്കണം. സ്വര്‍ണക്കടത്ത് പിടികൂടിയ ഉടനെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപിച്ചത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും ഒരു ഉദ്യോഗസ്ഥനേയും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തി. യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. സ്വര്‍ണം പിടികൂടിയപ്പോള്‍ അത് വിട്ടുകിട്ടാന്‍ ഇടപെട്ടത് ബിഎംഎസുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന് പുറത്തുവന്നു. അത് മറച്ചുവക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രിക്കെതിരെയുള്ള പ്രചരണത്തിലേക്ക് കാര്യങ്ങളെ കൊണ്ടുപോകാന്‍ പ്രതിപക്ഷം പിന്നീട ആസൂത്രണം നടത്തി. ആരോപണം ഉയര്‍ന്ന സന്ദര്‍ഭത്തില്‍ തന്നെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഓഫീസില്‍ നിന്നും ഒഴിവാക്കി. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി.
രണ്ട് സ്ഥാനത്തേക്കും പുതിയ ഉദ്യോഗസ്ഥര്‍ ചുമതലേറ്റു. മുഖ്യമന്ത്രിയുടെ ഓഫീസുമായോ സര്‍ക്കാരുമായോ പിന്നീട് യാതൊരു ചുമതലയും ശിവശങ്കറിന് കൊടുത്തിരുന്നില്ല. എന്‍ഐഎയോ കസ്റ്റംസോ ശിവശങ്കറിന് ബന്ധമുണ്ട് എന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടും സര്‍ക്കാരിന് നല്‍കിയിട്ടില്ല. എന്നാല്‍ ഇതിലുള്‍പ്പെട്ട ഒരു പ്രതിയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ, അവര്‍ക്ക് വഴിവിട്ട് പല സ്ഥാനങ്ങളും കൊടുത്തു എന്നെല്ലാം ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ അന്വേഷണത്തിന് അതെല്ലാം വിധേയമാക്കാനാണ് സന്നദ്ധമായത്.
അതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സമിതിയെ ചുമതലപ്പെടുത്തുകയും, ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ ശിവശങ്കറിനെ അന്വേഷണ വിധേയമായി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. ഇത്തരം പ്രശ്‌നം ഉയര്‍ന്നുവന്നാല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിന്റെ ഉത്തമ മാതൃകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ സ്വീകരിച്ച സമീപനത്തില്‍ വ്യക്തമായത്.
എന്‍ഐഎ ഏത് കാര്യവും അന്വേഷിക്കട്ടെ ,മുഖ്യമന്ത്രിയുടെ ഓഫീസിലും അന്വേഷിക്കണമെന്നുണ്ടെങ്കില്‍ അന്വേഷിക്കട്ടെ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ആരെയും സംരക്ഷിക്കേണ്ടതില്ല എന്ന് ഇതോടെ വ്യക്തമായി. എന്നാലിപ്പോഴും തുടര്‍ച്ചയായുള്ള പ്രചാരവേല തുടരുകയാണ്. അത് മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ്. ഇത് സര്‍ക്കാരിനെ അസ്ഥിരീകരിക്കാനാണ്.ആസൂത്രിത നീക്കമാണിത്.
മുഖ്യമന്ത്രിക്കെതിരായ പ്രചാര വേല രാഷ്ട്രീയമാണ് എന്നത് അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ നിലപാടിനും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പൂര്‍ണ പിന്തുണ നല്‍കുന്നു. ഈ സര്‍ക്കാരിന് പിന്നില്‍ പാര്‍ട്ടിയും എല്‍ഡിഎഫും ഒറ്റക്കെട്ടാണ്. സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള ഒരു നീക്കം അനുവദിക്കില്ല.
സോളാര്‍ കേസുപോലാണ് സ്വര്‍ണക്കടത്തുകേസെന്ന് ചില മാധ്യമങ്ങളടക്കം പറയുകയാണ്. യുഡിഎഫ് മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയായി എന്നാണ് പ്രചരണം. അതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് വ്യക്തമാണ്. സോളാര്‍ കേസില്‍ ആരോപണ വിധേയനായത് മുഖ്യമന്ത്രി തന്നെയാണ്.അന്നത്തെ മുഖ്യമന്ത്രിക്കെതിരെ തന്നെയാണ് ആരോപണമുണ്ടായത്.
ഇരയായ സ്ത്രീ അന്ന് ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരെ വ്യക്തമായ ആരോപണം ഉന്നയിച്ചില്ലെ. സോളാര്‍ കേസില്‍, പണം നല്‍കിയ ശ്രീധരന്‍ നായര്‍ , ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ് പണം കൊടുത്തത് എന്ന് പറഞ്ഞിട്ടില്ലെ.അത്തരമൊരു സംഭവം ഏതെങ്കിലും തരത്തില്‍ ഇപ്പോഴുണ്ടോ എന്നും കോടിയേരി ചോദിച്ചു.
ഒരുഭാഗത്ത് കോണ്‍ഗ്രസും ലീഗും, മറുഭാഗത്ത് ബിജെപിയും ചേര്‍ന്നുള്ള സമരകോലാഹലമാണ് നടന്നത്. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത് മോഡി സര്‍ക്കാരാണ്. അവരെ വെല്ലുവിളിച്ചാണ് ബിജെപി സമരം നടത്തിയത്. സന്ദര്‍ഭം നോക്കി സര്‍ക്കാരിനെ ശരിയാക്കാം എന്ന ഉദ്ദേശത്തോടെയാണത്. ഈ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിടുമെന്നാണ് ബിജെപി അഖിലേന്ത്യാ നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞത്. സര്‍ക്കാരിനെ അട്ടിമറിക്കുക എന്നത് തന്നെയല്ലെ ഉദ്ദേശം എന്ന് വ്യക്തമാകുകയാണ്.
വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളെ അട്ടിമറിക്കുകയാണ് ബിജെപി. അത് കേരളത്തില്‍ സാധ്യമല്ല. അത് ബിജെപിക്ക് അറിയാം. നിയമസഭക്ക് പുറത്ത് കലാപം സംഘടിപ്പിച്ച് കേരളത്തില്‍ അക്രമം ഉണ്ടെന്ന് സ്ഥാപിച്ച് കേന്ദ്രത്തിനെ കൊണ്ട് ഇടപെടുവിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിന് കോണ്‍ഗ്രസും ലീഗും കൂട്ടുനില്‍ക്കുന്നു. അതിന്റെ ഭാഗമല്ലെ ഈ സമരങ്ങള്‍.
കേരളത്തിലെ സ്വര്‍ണത്തിന്റെ നിറം ചുവപ്പല്ല എന്നിപ്പോള്‍ വ്യക്തമായല്ലോ. അത് കാവിയും പച്ചയുമാണെന്ന് എന്‍ഐഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരെ സംബന്ധിച്ച് പരിശോധിച്ചപ്പോള്‍ വ്യക്തമായില്ലെ. തീവ്രവാദ പ്രവര്‍ത്തനത്തിന് പണം പോകുന്നു എന്നല്ലെ എന്‍ഐഎ കോടതിയില്‍ പറഞ്ഞത്. അത്തരക്കാരുമായല്ലെ ലീഗും കോണ്‍ഗ്രസും കൂട്ടുകൂടുന്നത്. അതിനാല്‍ ഈ കേസ് അട്ടിമറിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും പുകമറ സൃഷിക്കുകയാണ്.
തെളിവുണ്ടെങ്കില്‍ അന്വേഷണ സംഘത്തിന് കൊടുക്കുകയല്ലെ വേണ്ടതെന്നും കോടിയേരി ചോദിച്ചു. സാധാരണക്കാര്‍ ഇവരുടെ പ്രവര്‍ത്തനത്തെ തിരിച്ചറിയും. എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.അവിശ്വാസം കൊണ്ടുവരുന്നത് വഴി എല്‍ഡിഎഫിന്റെ പിന്തുണ ഒരിക്കല്‍കൂടി തെളിയിക്കാനാകും. അവിശ്വാസം നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെടട്ടെ, അത് നിയമസഭ തള്ളുമെന്നും കോടിയേരി വ്യക്തമാക്കി

Get real time update about this post categories directly on your device, subscribe now.