പുഗലൂർ- മാടക്കത്തറ വൈദ്യുതലൈൻ പദ്ധതി ഒക്ടോബറിൽ; സംസ്ഥാനത്തെ എല്ലാ ജില്ലയ്‌ക്കും ഒരുപോലെ ഗുണം ലഭിക്കും

തമിഴ്നാട്ടിലെ പുഗലൂരിൽനിന്ന് തൃശൂർ മാടക്കത്തറയിലേക്ക് നിർമിക്കുന്ന എച്ച്‌വിഡിസി ലൈനും നിർമാണത്തിലുള്ള സബ്സ്റ്റേഷനും ഒക്ടോബറിൽ പൂർത്തിയാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1474 കോടി രൂപയുടെ പദ്ധതിയിൽ 2000 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ കേരളത്തിലേക്ക്‌ എത്തുക‌.

വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുന്നിൽക്കണ്ട്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതിയാണിത്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രസരണനഷ്ടം പരമാവധി കുറച്ച് വൈദ്യുതി കൊണ്ടുവരാൻ ഹൈ വോൾട്ടേജ്‌ ഡയറക്ട്‌ കറന്റ്‌ സാങ്കേതികവിദ്യക്ക്‌ കഴിയും.

138 കിലോമീറ്റർ ഓവർഹെഡ് ലൈനും 27 കിലോമീറ്റർ ഭൂഗർഭ‌ കേബിളുമാണ് 320 കെവി ഡിസി ലൈനിൽ ഉള്ളത്. കോവിഡ്‌ നിർമാണപ്രവർത്തനങ്ങളെ ബാധിച്ചെങ്കിലും ഒക്ടോബറോടെ പൂർത്തിയാക്കാൻ കഴിയും. സബ്സ്റ്റേഷന്റെ നിർമാണം ഭൂരിഭാഗവും പൂർത്തിയായി. ഒക്ടോബറിൽ ലൈൻ ചാർജ് ചെയ്യും. സംസ്ഥാനത്തെ എല്ലാ ജില്ലയ്‌ക്കും ഒരുപോലെ ഗുണം ലഭിക്കും. ഛത്തീസ്‌ഗഢിലെ റായ്ഗഢിൽനിന്ന് തമിഴ്‌നാട്ടിലെ പുഗലൂർ വഴിയാണ്‌ കേരളത്തിലേക്ക്‌ വൈദ്യുതി എത്തിക്കുന്നത്‌.

സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ആവശ്യം പൂർണമായി നിറവേറ്റാൻ പദ്ധതിയിലൂടെ സാധിക്കും. ഇറക്കുമതിശേഷിയും കൂടും. ഭാവിയിൽ വർധിക്കുന്ന വൈദ്യുതി ആവശ്യം നിർവഹിക്കാനാകുന്നതോടൊപ്പം പ്രസരണനഷ്ടം ഗണ്യമായി കുറയുകയും ചെയ്യും. ഇടമൺ–-കൊച്ചി പവർ ഹൈവേ പദ്ധതി യാഥാർഥ്യമാക്കിയത്‌ എൽഡിഎഫ്‌ സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്‌. 400 കെവി ലൈനിലൂടെ 800 മെഗവാട്ട്‌ വൈദ്യുതി എത്തിക്കുന്ന പദ്ധതിക്ക്‌ 1300 കോടി രൂപയായിരുന്നു ചെലവ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News