കൂടുതല്‍ തെളിവുമായി അന്വേഷണ സംഘം; സ്വര്‍ണം കടത്തിയ കാര്‍ഗോ പ്രതികള്‍ തിരിച്ചയക്കാന്‍ ശ്രമിച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ സ്വര്‍ണമെത്തിച്ച കാര്‍ഗോ തിരിച്ചയക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പിടിക്കപ്പെടുമെന്ന ഘട്ടം എത്തിയപ്പോഴാണ് കാര്‍ഗോ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുലേറ്റിന്റെ അഡ്രസില്‍ നിന്നും കസ്റ്റംസ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്ക് അയക്കുന്ന തരത്തില്‍ കത്ത് തയ്യാറാക്കിയത്. അറ്റാഷെയുടെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് സ്വപ്ന സുരേഷ് ആണ് കത്ത് അയച്ചത്.

പിടിക്കപ്പെടുമെന്ന ഘട്ടം എത്തിയപ്പോഴാണ് പ്രതികള്‍ ഡിപ്ലോമാറ്റിക്ക് ലഗ്ഗേജ് തിരിച്ചയക്കാന്‍ ശ്രമിച്ചത്. പാഴ്സല്‍ അയച്ച സ്ഥലത്തേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച ഇമെയിലില്‍ സൂചിപ്പിച്ചിരിക്കുന്നത് ഫൈസല്‍ ഫരീദ് അയച്ച അതേ കാര്‍ഗോ നമ്പര്‍ തന്നെയാണ്. യുഎഇ കോണ്‍സുലേറ്റ് എയര്‍ കാര്‍ഗോ അസിസ്റ്റന്‍ഡ് കമീഷണര്‍ക്ക് അയക്കുന്ന തരത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് തന്റെ ഇമെയില്‍ ഐഡിയില്‍ നിന്നാണ് അറ്റാഷെയുടെ ഔദ്യോഗിക മെയിലിലേക്ക് കത്ത് അയച്ചിരിക്കുന്നത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരും ഉറപ്പു വരുത്തിയിട്ടുണ്ട്. എന്നാല്‍ സ്വപ്നയ്ക്ക് ഫോര്‍വെര്‍ഡ് ചെയ്താണ് ഈ മെയില്‍ ലഭിച്ചിരിക്കുന്നത്. ഈ കത്തിന്റെ ഉറവിടത്തെ കുറിച്ചും എന്‍ഐഎ അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്.

അതെസമയം കാര്‍ഗോ തിരിച്ചയക്കാനുള്ള പ്രതികളുടെ നീക്കത്തില്‍ അറ്റാഷെയ്ക്ക് പങ്കു ഉണ്ടോ എന്നത് ഇത് വരെയും വ്യക്തമായിട്ടില്ല. സ്വപ്ന അയച്ചു നല്‍കിയ കത്ത് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്ക് അറ്റാഷെ അയച്ചു നല്‍കിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here