60% രോഗികളും രോഗലക്ഷണം ഇല്ലാത്തവര്‍; വീട്ടില്‍ നിന്നും പുറത്ത് പോയിവരുന്നവര്‍ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണെന്ന് മുഖ്യമന്ത്രി. വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാവണമെന്നും സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാല്‍ കൊവിഡ് നേരിടാമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

സംസ്ഥാനത്തെ അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. അപകടസാധ്യത വിഭാഗത്തില്‍പ്പെടാത്ത രോഗലക്ഷണം ഇല്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കില്‍ വീട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കാം എന്ന് മറ്റു ചില വിദേശരാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു. രോഗവ്യാപനം അതിശക്തമായാല്‍ ഈ രീതി കേരളത്തിലും വേണ്ടി വരും. വിദേശത്തു നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ട്.

വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ക്ലസ്റ്ററുകളില്‍ രോഗവ്യാപനം പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളില്‍ വിജയിച്ചിരുന്നു.

ഗുരുതര രോഗമുള്ളവരെ വെന്റിലേറ്റര്‍, ഐസിയു സൗകര്യത്തോട് കൂടിയ ആശുപത്രികളിലും അല്ലാത്തവരെ പ്രഥമ ചികിത്സാകേന്ദ്രമായ ഫസ്റ്റ് ലൈന്‍ ട്രീന്‍മെന്റ് സെന്ററുകളിലും പ്രവേശിപ്പിക്കണം. നിലവില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് തരം കൊവിഡ് ആശുപത്രികളുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും കൊവിഡ് ചികിത്സയ്ക്ക് അനുമതി നല്‍കി. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ അമ്പതിനായിരം കിടക്കകളോട് കൂടിയ കൊവിഡ് കെയര്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ ശ്രമം തുടരുന്നു.

സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാല്‍ കൊവിഡ് നേരിടാം. അതിനായി ജീവന്റെ വിലയുള്ള ജാഗ്രത എന്ന പേരില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയ്ന്‍ ആരംഭിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടം മാസങ്ങള്‍ പിന്നിട്ടതിനാല്‍ പൊതുവില്‍ ക്ഷീണവും അവശതയും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ കൊവിഡിനെ നേരിടുമ്പോള്‍ നാം നിന്താത ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തില്‍ ആരും മാറി നില്‍ക്കരുത് എന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here