തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗ വ്യാപനം തുടര്‍ച്ചയായി വര്‍ധിക്കുന്നു; തീരപ്രദേശം പത്ത് ദിവസത്തേക്ക് അടച്ചിടും

തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗ വ്യാപനം തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ പത്ത് ദിവസത്തേക്ക് തിരുവനന്തപുരത്തെ തീരപ്രദേശം അടച്ചിട്ട് ലോക്ക് ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്: 

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്നു. ഇന്ന് 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ ഉറവിടം വ്യക്തമല്ല. സാമൂഹിക വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണവകുപ്പുകള്‍ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികള്‍ക്ക് കൂടുതല്‍ ബോധവത്കരണം നടത്താന്‍ ആരോഗ്യപ്രവര്‍ത്തകരും സജ്ജരാണ്.

നഗരസഭയുടെ നേതൃത്വത്തിലും കാര്യക്ഷമമായ ഇടപെടല്‍ നടക്കുന്നു. തിരുവനന്തപുരം സ്റ്റാച്യു, അട്ടക്കുളങ്ങര, പേരൂര്‍ക്കട തുടങ്ങിയ സ്ഥലങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരും ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഉണ്ട് ഇതെല്ലാം ആശങ്ക സൃഷ്ടിക്കുന്നു. ഇന്നു മുതല്‍ പത്ത് ദിവസത്തേക്ക് തിരുവനന്തപുരത്തെ തീരപ്രദേശം അടച്ചിട്ട് ലോക്ക് ഡൗണ്‍ നടപ്പാക്കും.

തീരപ്രദേശത്തെ മൂന്ന് സോണായി തിരിച്ചാണ് നിയന്ത്രണം. ഇടവ, ഒറ്റൂര്‍, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം ഗ്രാമപഞ്ചായത്ത്, വര്‍ക്കല മുന്‍സിപ്പാലിറ്റി എന്നിവ സോണ്‍ ഒന്നാണ്. ചിറയിന്‍കീഴ്, കഠിനംകുളം, കോര്‍പറേഷനിലെ തീരപ്രദേശം എന്നിവ സോണ്‍ രണ്ടാണ്. സോണ്‍ മൂന്നില്‍ കോട്ടുക്കാല്‍, കരിങ്കുളം, പൂവാര്‍, കുളത്തൂര്‍ പഞ്ചായത്തിലെ തീരപ്രദേശം സോണ്‍ മൂന്നില്‍ ഉള്‍പ്പെടും.

മുന്‍നിശ്ചയിച്ച പരീക്ഷകള്‍ ഈ സോണില്‍ മാറ്റിവയ്ക്കും. ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കും. എന്നാല്‍ ഈ പ്രദേശത്ത് വാഹനം നിര്‍ത്താന്‍ പാടില്ല.

പാല്‍, പലചരക്ക്, ഇറച്ചി, പച്ചക്കറി എന്നീ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാല് വരെ പ്രവര്‍ത്തിക്കാം. ഒരോ കുടുംബത്തിനും അഞ്ച് കിലോ അരിയും ഒരു കിലോ ധാന്യവും സിവില്‍ സ്‌പ്ലൈസ് നല്‍കും. പ്രദേശത്ത് ഹോര്‍ട്ടികോര്‍പ്പ് സപ്ലൈകോ കെപ്‌കോ എന്നിവയുടെ മൊബൈല്‍ വാഹനം എത്തിച്ച് വില്‍പന നടത്തും, മൊബൈല്‍ എടിഎം സൗകര്യവും നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News