കോർപറേറ്റ് അനുകൂലവും പരിസ്ഥിതി വിരുദ്ധവുമായ പരിസ്ഥിതി ആഘാത നിർണയ കരടുവിജ്ഞാപനം2020 (ഇഐഎ) പിൻവലിക്കണമെന്ന് സിപിഐ എം.
ഇപ്പോഴുള്ള നിയന്ത്രണങ്ങൾ പോലും എടുത്തുകളയാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർക്ക് അയച്ച കത്തിൽ പറഞ്ഞു.
പരിസ്ഥിതി നിയന്ത്രണങ്ങൾ ഇല്ലാതാക്കി പുതിയ നിയമവും ഭേദഗതിയും വിജ്ഞാപനവും കൊണ്ടുവരാൻ കേന്ദ്രം നേരത്തെ ശ്രമം നടത്തി. ഹരിത ട്രിബ്യൂണലും കോടതികളും അവ റദ്ദാക്കി. കോടതി വിധികളെ മറികടക്കാനാണ് കരടുവിജ്ഞാപനമിറക്കിയത്.
‘ബിസിനസ് എളുപ്പമാക്കൽ’ എന്ന പേരിൽ വ്യവസായങ്ങൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ എടുത്തുകളയുന്നു. ഇത്തരം നീക്കങ്ങളുടെ ഇരകളാകുന്ന ആദിവാസി സമൂഹങ്ങളുടെ പേര് വിജ്ഞാപനത്തിൽ പരാമർശിച്ചതേയില്ല. പരിസ്ഥിതി ആഘാത പഠനം നടത്താന്‍ പദ്ധതിയുടെ വക്താക്കള്‍തന്നെ കൺസൾട്ടൻസികളെ നിയോഗിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ നടപടിയില്ല.
പരിസ്ഥിതി ആഘാതപഠനത്തിനുള്ള വ്യവസ്ഥ 2006ൽ പുതുക്കി വിജ്ഞാപനമിറക്കി. ഇതിന്റെ തുടർച്ചയായി 2010ൽ ഖനനത്തിനും മറ്റും മാർഗനിർദേശം ഉൾക്കൊള്ളിച്ച് മാന്വൽ പുറത്തിറക്കി.
കരടുവിജ്ഞാപനമിറക്കിയതോടെ 2006ലെ ഖനന നിയന്ത്രണങ്ങള്‍ ഇല്ലാതാകും. സ്വകാര്യഖനനത്തിന് സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഇല്ലാതാകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും.
വലിയ മലിനീകരണം ഉണ്ടാക്കുന്ന നിരവധി പദ്ധതികളെ വിദഗ്‌ധ സമിതിയുടെ വിലയിരുത്തലോ പരിസ്ഥിതി ആഘാതനിർണയമോ ആവശ്യമില്ലാത്ത ബി 2 ഗണത്തിലേക്ക് മാറ്റിയതും നിയമവിരുദ്ധമാണ്.
പരിസ്ഥിതി നിയമം പാലിക്കാതിരിക്കാൻ ലൈസൻസ് നൽകുന്ന കരടുവിജ്ഞാപനത്തിലെ വ്യവസ്ഥ അംഗീകരിക്കാൻ പറ്റില്ലെന്നും അത് പിൻവലിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.