‘പി നള്‍’ രക്തമെത്തി അനുഷ്കയുടെ ശസ്ത്രക്രിയ ഇന്ന്

‘പി നള്‍’ എന്ന അപൂർവരക്തഗ്രൂപ്പുള്ള അഞ്ചുവയസ്സുകാരിക്ക് ശസ്‌ത്രക്രിയ നടത്താൻ അതേ ഗ്രൂപ്പിലുള്ള രക്തമെത്തി. ഗുജറാത്തില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സന്തോഷിന്റെ മകൾ അനുഷ്‌കയ്ക്കാണ് ശസ്‌ത്രക്രിയ‌ക്കായി മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് രക്തദാതാവിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച വിമാനമാര്‍ഗം രക്തം കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ.

ഈ മാസം അഞ്ചിനാണ് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഫെയ്‌സ്ബുക്കില്‍ ‘പി നള്‍’ ഗ്രൂപ്പിലുള്ള രക്തം ആവശ്യപ്പെട്ട് പോസ്റ്റിട്ടത്‌. അന്താരാഷ്ട്രതലത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇതേ രക്തഗ്രൂപ്പുള്ള മറ്റൊരാളെ കണ്ടെത്താനായത്. നാസിക് സ്വദേശിയായ ഇദ്ദേഹം രക്തം നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും മുംബൈയിലെ ആശുപത്രിയിലെത്തി രക്തം നല്‍കുകയും ചെയ്തു.

ഇത് വിമാനമാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തിലും അവിടെനിന്ന് അമൃത ആശുപത്രിയിലും എത്തിച്ചു. ഒരുവര്‍ഷംമുമ്പ് ഗുജറാത്തില്‍വച്ച്‌ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് അനുഷ്‍കയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

ഗുജറാത്തില്‍ നടന്ന ശസ്ത്രക്രിയക്കുശേഷം അണുബാധയുണ്ടായതിനെത്തുടര്‍ന്നാണ് വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്ത് എത്തിച്ചത്. ആദ്യഘട്ട ശസ്ത്രക്രിയ നടത്തിയിരുന്നു.

കുട്ടിയുടെതന്നെ രക്തം സമാഹരിച്ചായിരുന്നു അത്. തലയോട്ടിയുടെ ഭാഗങ്ങള്‍ ചേര്‍ക്കുക എന്നുള്ളതാണ് അടുത്തഘട്ടം. അതിനായാണ് കൂടുതൽ രക്തം ആവശ്യമായി വന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News