ജയ്‌ഘോഷിനെ എന്‍ഐഎ ചോദ്യം ചെയ്തു; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എന്‍.ഐ.എ ജയ്‌ഘോഷിനെ ചോദ്യം ചെയ്തത്. കേസന്വേഷണത്തിന്റെ ഭാഗമായി അറ്റാഷെയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

സ്വര്‍ണക്കടത്തു കേസിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ജയ്‌ഘോഷിനെ ചോദ്യം ചെയ്തത്. ജയ്‌ഘോഷ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് 2 പേരടങ്ങുന്ന സംഘം വിവരങ്ങള്‍ ശേഖരിച്ചത്. ചോദ്യം ചെയ്യലില്‍ പല നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

സ്വര്‍ണം പിടികൂടിയ ദിവസമടക്കം ഇയാള്‍ നിരവധി തവണ സ്വപ്നയുമായി ഫോണില്‍ ബന്ധപ്പെടിരുന്നു. സ്വര്‍ണം പിടികൂടിയ ദിവസം മുതല്‍ ഇയാള്‍ മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. പ്രധാനമായും ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടക്കുന്നത്. ജയ്‌ഘോഷ് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. അറ്റാഷെക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തെളിവ് ശേഖരണത്തിനാണ് പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here