രണ്ട് വര്‍ഷത്തിനിടെ 27 തവണകളായി 230 കിലോ സ്വര്‍ണം കടത്തി; കോടികള്‍ മുടക്കിയതിന് പിന്നില്‍ തീവ്രവാദബന്ധം; സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നു

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയുടെയും കസ്റ്റംസിന്‍റെയും അന്വേഷണം പുരോഗമിക്കുന്നു. സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. സരിത്തിന്‍റെ തെളിവെടുപ്പും ഉടന്‍ ഉണ്ടാകും.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കുമ്പോള്‍ നിര്‍ണായകമായ വിവരങ്ങളാണ് എന്‍ഐഎയ്ക്ക് ചോദ്യം ചെയ്യലില്‍ ലഭിച്ചത്.

നയതന്ത്ര സുരക്ഷയോടെ രണ്ട് വര്‍ഷത്തിനിടെ 27 തവണകളായി 230 കിലോ സ്വര്‍ണം കടത്തിയെന്ന് ഇവര്‍ വെളിപ്പെടുത്തിയതായാണ് സൂചന. ഇത്രയും ഭീമമായ കടത്തിന് കോടികള്‍ മുടക്കിയതിന് പിന്നില്‍ തീവ്രവാദബന്ധം ഉണ്ടെന്ന് തന്നെയാണ് എന്‍ഐഎ കരുതുന്നതും. കേസിലെ ഒന്നാം പ്രതി സരിത്ത് ഈ മാസം 30 വരെ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്.

സരിത്തിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ തെളിവെടുപ്പ് നടത്താനാണ് തീരുമാനം. അതിനിടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കസ്റ്റംസിന്‍റെ പ്രതിപ്പട്ടിക ഇനിയും വിപുലമാകുമെന്നാണ് സൂചന.

കേസിലെ മുഖ്യ കണ്ണി കെ ടി റെമീസിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് കസ്റ്റംസ്. കോവിഡ് ഫലം ലഭിച്ചാലുടന്‍ റെമീസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതോടെ കൂടുതല്‍ പ്രതികളിലേക്ക് എത്താന്‍ ക‍ഴിയുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസും.

കേസില്‍ ദുബായില്‍ അറസ്റ്റിലായ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയാല്‍ നിര്‍ണായകമായ ഘട്ടത്തിലേക്ക് എത്തുമെന്ന് എന്‍ഐഎയും കരുതുന്നു.

വിമാനത്താവള ജീവനക്കാരിലേക്കും എമിറേറ്റ്സ് ജീവനക്കാരിലേക്കും അന്വേഷണം വ്യാപിച്ചേക്കും. ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണ്ണക്കടത്തിന്‍റെ ഉറവിടവും തീവ്രവാദബന്ധങ്ങളും വ്യക്തമാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News