സിഎസ്ബി ബാങ്കധികാരികള്‍ ജെറിന്‍ കെ ജോണിന് നല്‍കിയ നിയമവിരുദ്ധ ചാര്‍ജ് ഷീറ്റ് പിന്‍വലിക്കുക: ബെഫി

തിരുവനന്തപുരം:  സി. എസ്.ബി ബാങ്കധികാരികള്‍ ( മുന്‍ കാത്തലിക് സിറിയന്‍ ബാങ്ക്) സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ജെറിന്‍.കെ.ജോണിന് നല്‍കിയ നിയമവിരുദ്ധ ചാര്‍ജ് ഷീറ്റ് ഉടന്‍ പിന്‍വലിക്കണമെന്ന് ബെഫി കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യം ഒരു വലിയ മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കുന്ന വേളയില്‍ തികച്ചും നിയമവിരുദ്ധമായ നിലപാടാണ് സി.എസ്.ബി.മാനേജ്‌മെന്റ് ബാങ്കിലെ ജീവനക്കാരോട് സ്വീകരിച്ചു വരുന്നത്.

ലോക് ഡൗണ്‍ വേളയില്‍ മറ്റ് ബാങ്കുകളിലും സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് നല്‍കിയ ഒരു ആനുകുല്യവും നടപ്പിലാക്കാന്‍ ബാങ്ക് തയ്യാറായില്ല. ജോലിക്ക് ഹാജരാകാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് മറ്റ് ബാങ്കുകള്‍ ഡ്യൂട്ടി ലീവ് അനുവദിച്ചപ്പോള്‍ സി.എസ്.ബി. ബാങ്കില്‍ അത് അനുവദിച്ചില്ല. മാത്രമല്ല ലീവ് നല്‍കാത്ത ജീവനക്കാരുടെ അര്‍ഹതപ്പെട്ട ശമ്പളം തടഞ്ഞു വക്കുകയും ചെയ്തു. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാത്ത ബാങ്കിന്റെ നിലപാടുകള്‍ സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജെറിന്‍ കെ ജോണ്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളത്തെ കേന്ദ്ര ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ബാങ്കധികാരികളോട് ജീവനക്കാരുടെ തടഞ്ഞുവച്ച വേതനം നല്‍കാനും അര്‍ഹതപ്പെട്ട ഡ്യൂട്ടി ലീവ് അനുവദിക്കാനും നിര്‍ദ്ദേശം നല്‍കി. ബാങ്കധികാരികളാകട്ടെ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, സംഘടനാ ജനറല്‍ സെക്രട്ടറിക്ക് ബാങ്കിന്റെ ഇമേജ് നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുമാണ് ചെയ്തത്.

സംഘടനാ ജനറല്‍ സെക്രട്ടറി എന്ന നിലക്ക് സംഘടനയുടെ ലെറ്റര്‍ പാഡില്‍ നിയമപരമായ പരാതി നല്‍കിയതിനാണ് ബാങ്ക് വ്യക്തിപരമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇത് ചൂണ്ടിക്കാണിച്ച് ജെറിന്‍ ബാങ്കിന് മറുപടി നല്‍കി. വിവരം ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറെ അറിയിക്കുകയും ചെയ്തു. കേന്ദ്ര ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ബാങ്കിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തുകയും വിഷയം അടിയന്തരമായി പരിഹരിക്കാന്‍ ബാങ്കിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

എന്നാല്‍ ബാങ്ക് കഴിഞ്ഞ ദിവസം ഗൗരവകരമായ കുറ്റമാണ് ജെറിന്‍ കെ ജോണ്‍ നടത്തിയിരിക്കുന്നത് എന്ന് കാണിച്ച് വീണ്ടും ചാര്‍ജ് ഷീറ്റ് നല്‍കിയിരിക്കുകയാണ്. മാത്രമല്ല ജീവനക്കാരെ ഈ കൊറോണക്കാലത്ത് ഇപ്പോള്‍ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയിരിക്കുകയുമാണ്. ബാങ്ക്.സി. എസ്.ബി.ബാങ്കില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നടന്നു വരുന്ന പല നിയമവിരുദ്ധ നടപടികളെയും സംഘടന ചോദ്യം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ഇത്തരം മാടമ്പിത്തരങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കാരണം. കൊറോണ പ്രോട്ടോക്കോള്‍ നില നില്‍ക്കുന്ന പശ്ചാത്തലം പരമാവധി മുതലാക്കുകയാണ് സി.എസ്.ബി. മാനേജ്‌മെന്റ്. ബാങ്കിന്റെ ഇത്തരം കാടത്തനയങ്ങള്‍ ഒരുതരത്തിലും അനുവദിക്കാനാകില്ല.

സംഘടനാ ജനറല്‍ സെക്രട്ടറിക്ക് നല്‍കിയ നിയമവിരുദ്ധ ചാര്‍ജ് ഷീറ്റ് ഉടന്‍ പിന്‍വലിക്കുകയും ജീവനക്കാര്‍ക്കു നേരെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാടത്ത നിലപാട് ഉടന്‍ അവസാനിപ്പിക്കുകയും ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാത്തപക്ഷം മറ്റ് വര്‍ഗ്ഗ ബഹുജന ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംഘടന നിര്‍ബന്ധിതരാകുമെന്നും ബെഫി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News