രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11.55 ലക്ഷം; 24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി. ഇത് വരെ 28084 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേരാണ് മരിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇത് വരെ 7,24,577 പേർ രോഗമുക്തി നേടി, നിലവിൽ 62.72 ശതമാനമാണ് രോഗമുക്തി നിരക്ക്.

അതേസമയം മഹാരാഷ്ട്രയിൽ എണ്ണായിരത്തി ഇരുന്നൂറിലേറെ കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. അയ്യായിരത്തിനടുത്ത് കേസുകൾ സ്ഥിരീകരിച്ച തമിഴ്നാട്ടിൽ ആകെ മരണം രണ്ടായിരത്തി അഞ്ഞൂറ് കടന്നു. ആന്ധ്രപ്രദേശിലും കൊവിഡ് രോഗികൾ അമ്പതിനായിരം പിന്നിട്ടു.

6 ദിവസത്തിന് ശേഷം മരണപ്പെടുന്നവരുടെ പ്രതിദിന എണ്ണം 600ന് താഴെയായി. ഇന്നലെ മരിച്ചത് 587 പേർ. ആകെ മരണം 28084 ലെത്തി. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നു. 37,148 പേരിൽ പുതിയതായി രോഗം കണ്ടെത്തിയതോടെ ചികിത്സയിൽ തുടരുന്നവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു 4, 02529 ലെത്തി.

ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതി ദിനം മൂവായിരത്തിലേറെ പേർക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. തമിഴ് നാട്ടിൽ 24 മണിക്കൂറിൽ 4985 രോഗികൾ. ആന്ധ്രാ പ്രദേശിൽ 4074 പേരിലും പുതിയതായി രോഗം കണ്ടെത്തി.

പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി കോവിഡ് ബാധിച്ചു മരിച്ചു. രാജ്യം തുറന്നു കൊടുക്കലിന്റെ ആദ്യ ഘട്ടത്തിൽ വിശ്വാസികൾക്കായി ക്ഷേത്രം തുറന്നു കൊടുത്തതിന് ശേഷം നിരവധി പേരിൽ അസുഖം സ്ഥിരീകരിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയതിന് തെലങ്കാന സർക്കാരിനെ ഹൈകോടതി വിമർശിച്ചു.

പശ്ചിമ ബംഗാളിൽ ആഴച്ചയിൽ രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചു. ബിഹാറിലും യു പി യിലും സ്ഥിതി വഷളാകുന്നു. ദില്ലിയിൽ ജൂൺ 1 ന് ശേഷമാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News