കുട്ടമ്പേരൂര്‍ ഗൗരീമന്ദിരത്തില്‍ തലമുറകളുടെ ചെസ് യുദ്ധവും മുറുകുന്നു; 87-ാം വയസിലും കരുനീക്കങ്ങള്‍ ഓര്‍മയില്‍ സൂക്ഷിച്ച് ആര്‍ബിറ്റര്‍ ഭാസ്‌കരന്‍ നായര്‍

കൊവിഡ് ഭീഷണിക്കെതിരെ യുദ്ധം മുറുകുമ്പോള്‍ മാന്നാര്‍ കുട്ടമ്പേരൂര്‍ ഗൗരീമന്ദിരത്തില്‍ തലമുറകളുടെ ചെസ് യുദ്ധവും മുറുകുകയാണ്.

87-ാം വയസ്സിലും കരുനീക്കങ്ങള്‍ ഓര്‍മയില്‍ സൂക്ഷിച്ച്, പുതുതലമുറയ്‌ക്കൊപ്പമാണ് നാഷണല്‍ ആര്‍ബിറ്റര്‍ കെ.ജി.ഭാസ്‌കരന്‍ നായര്‍ ചെസ് കളിക്കുന്നത്.

ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ ഔദ്യോഗികജീവിതത്തിനിടയിലാണ് ഭാസ്‌കരന്‍ നായര്‍ക്ക് ചെസിന്റെ അങ്കനരീതിയോട് പ്രണയം തോന്നിയത്.

1958ല്‍ സൂപ്പര്‍വൈസറായി ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ എത്തിയ ഭാസ്‌കരന്‍ നായര്‍ 77 മുതലാണ് ചെസ് കളി തുടങ്ങുന്നത്. അതും ഭിലായിലുണ്ടായിരുന്ന തലവടി ആനപ്രമ്പാല്‍ സ്വദേശി രാമന്‍നായരുടെ കരുനീക്കങ്ങള്‍ കണ്ടുപഠിച്ച്. തുടര്‍ന്ന് പ്ലാന്റിന് വേണ്ടി നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത്, വിജയിച്ചു. എട്ട് സ്റ്റീല്‍ പ്ലാന്റുകളെ ഉള്‍പ്പെടുത്തി സ്റ്റീല്‍ സ്പോര്‍ട്‌സ് ബോര്‍ഡ് നടത്തിയ മത്സരത്തില്‍ സ്വര്‍ണമെഡലും സ്വന്തമാക്കി.

1987ല്‍ ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്റെ നാഷണല്‍ ആര്‍ബിറ്റര്‍ (റഫറി) എന്ന അംഗീകാരം ലഭിച്ചു. എട്ട് ദേശീയ മത്സരങ്ങളിലും വടക്കേ ഇന്ത്യയില്‍ നടന്ന നിരവധി ജില്ലാ- സംസ്ഥാനതല മത്സരങ്ങളിലും ആര്‍ബിറ്ററായി. ആദ്യത്തെ ഇന്റര്‍നാഷണല്‍ ആര്‍ബിറ്ററായ മാനുവല്‍ അറോണയുമായി നിരവധി തവണ കളിച്ചിട്ടുണ്ട്.

ഗ്രാന്റ് മാസ്റ്റര്‍മാരായിരുന്ന ഡി.കെ.ബറുവ, ടിപ്സെ, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പി.എം.മൊഹന്തി, നാഷണല്‍ ചാമ്പ്യന്‍മാരായിരുന്ന ആര്‍.എസ്.ഗുപ്ത, റാഫിഖാന്‍ എന്നിവര്‍ക്കൊപ്പം മത്സരിച്ചതും ചില മത്സരങ്ങളില്‍ വിജയിച്ചതും ഭാസ്‌കരന്‍ നായര്‍ ഓര്‍ത്തെടുക്കുന്നു.

ചെസ് കളിക്കുന്ന പുതുതലമുറയോട് ഭാസ്‌കാരന്‍ നായര്‍ക്ക് പറയാനുള്ളത് ഇതാണ്. ”മുന്‍കൂട്ടി ചിന്തിക്കുക, കോപം ഒഴിവാക്കി ക്ഷമയോടെ കളിക്കുക, എപ്പോഴും മികച്ച കളിക്കാരോട് കളിക്കുക.”

മധ്യപ്രദേശ് ചെസ് അസോസിയേഷന്‍ രക്ഷാധികാരിയും മുന്‍ സെക്രട്ടറിയുമായിരുന്നു ഭാസ്‌കരന്‍ നായര്‍. സര്‍വീസില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയശേഷം മാന്നാര്‍ നായര്‍സമാജം വൈസ് പ്രസിഡന്റ്, എസ്.കെ.വി. ഹൈസ്‌കൂള്‍, കുന്നത്തൂര്‍ യു.പി.എസ്. എന്നിവയുടെ മാനേജര്‍, കാര്‍ത്ത്യായനീക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: വരദമ്മ. മക്കള്‍: ബി.വിനയകുമാര്‍, ബി.വിനോദ് കുമാര്‍, ഡോ.ബി. ഉണ്ണിക്കൃഷ്ണന്‍.

ഭാസ്‌കരന്‍ നായരുടെ മകന്‍ ഡോ.ബി. ഉണ്ണിക്കൃഷ്ണന്‍

ഭാസ്‌കരന്‍ നായരുടെ മകന്‍ ഡോ.ബി. ഉണ്ണിക്കൃഷ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News