ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ട്, യാതൊരു പ്രതിസന്ധിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിര്‍മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗകര്യം ആവശ്യത്തിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പറയുന്നു: ആര്‍ക്കും ആശങ്ക വേണ്ട. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പ്രകടമായി രോഗം ഇല്ലാത്തവരെയും നേരിയ രോഗം ഉള്ളവരെയും ഇവിടെ ചികിത്സിക്കും. ജൂലൈ 19 വരെ 187 സിഎഫ്എല്‍ടിസികളിലായി 20,406 കിടക്കകളുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

743 സിഎഫ്എല്‍ടിസികളാണ് ജൂലൈ 23നകം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടെ കിടക്കളുടെ എണ്ണം 69,215 ആയി ഉയരും. എല്ലായിടത്തും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒപിയും ടെലി മെഡിസിനും, ലാന്‍ഡ് ലൈനും, ഇന്റര്‍നെറ്റും ഉണ്ടാകും. ഓരോയിടത്തും ആംബുലന്‍സ് ഉണ്ടാകും. ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് ശുചിമുറിയുള്ള മുറി ലഭിക്കും. ഭക്ഷണവും വെള്ളവും ലഭ്യമാക്കും.

ഫ്രണ്ട് ഓഫീസ്, ഡോക്ടര്‍മാരുടെ മുറി, നഴ്‌സ് മുറി, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ സെമി പെര്‍മനന്റ് ശുചിമുറി ഏര്‍പ്പെടുത്തും.

രോഗലക്ഷണം ഇല്ലാത്ത കൊവിഡ് ബാധിതരില്‍ നിന്ന് രോഗം പകരാം. സമൂഹവ്യാപനത്തിലേക്ക് എത്താം. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉചിതം. ഇവര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ പോകണം. നെഗറ്റീവായാല്‍ തിരികെ വീട്ടിലെത്തിക്കും.

കേരളത്തില്‍ ആകെ ഒരു ടെസ്റ്റിംഗ് കേന്ദ്രമാണ് ആകെ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 59, സ്വകാര്യ മേഖലയില്‍ 51 എന്നിങ്ങനെ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ഇപ്പോഴുണ്ട്. ഇപ്പോള്‍ ആന്റിബോഡി, ആന്റിജന്‍, ട്രൂനാറ്റ് ടെസ്റ്റുകളും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തി കൊവിഡ് ഫീസ് നിശ്ചയിച്ചു. രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി വിട്ടുനല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News