ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ അടിയന്തിര പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനു അനുമതി; സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി കോവിഡ് പ്രതിരോധത്തിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിര പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിനു അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുകയും അതിന്റെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, കോവിഡ് കെയര്‍ സെന്ററുകള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന്‍ സെന്ററുകള്‍ തുടങ്ങിയവ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പരിപാലിക്കുക, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പൊതുസ്ഥലങ്ങള്‍ അനുവിമുക്തമാക്കല്‍, കമ്മ്യുണിറ്റി കിച്ചന്‍ നടത്തിപ്പ്,

വാര്‍ഡ്തല നിരീക്ഷണ സമിതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ഉത്തരവു പ്രകാരം അടിയന്തിര പ്രാധാന്യത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുത്തു നടപ്പിലാക്കാന്‍ കഴിയും.

പ്രോജക്ടുകള്‍ക്ക് പൊതുവിഭാഗം സാധാരണ വിഹിതം, തനത് ഫണ്ട്, സംഭാവന എന്നീ സ്രോതസ്സുകളില്‍ നിന്നും ഫണ്ടുകള്‍ വകയിരുത്താവുന്നതാണ്. ഭരണസമിതി യോഗം ചേര്‍ന്ന് പ്രോജക്ടുകള്‍ സംബന്ധിച്ച തീരുമാനം എടുക്കണം. കണ്ടെയിന്റ്‌മെന്റ് സോണുകളില്‍ സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് തീരുമാനമെടുത്താല്‍ മതിയാകും.

ഇപ്രകാരം ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ല. പിന്നീട് ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമര്‍പ്പിച്ച് സാധൂകരണം വാങ്ങിയാല്‍ മതിയാകും. ഈ ഉത്തരവു പ്രകാരം ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ യഥാര്‍ത്ഥ ചെലവുകള്‍ക്കുള്ള തുക സര്‍ക്കാര്‍ പിന്നീട് പ്രത്യേകം അനുവദിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News