ഞങ്ങളെ പുകഴ്‌ത്തേണ്ട, പക്ഷേ ഇകഴ്ത്തരുത്; ജനങ്ങള്‍ സുരക്ഷിതമായി വീടുകളില്‍ ഇരുന്നപ്പോള്‍, നാടിന്റെ കാവലും കരുതലും ഏറ്റെടുത്ത് ജനസേവനം നടത്തിയത് പൊലീസുകാരാണ്; സി ആര്‍ ബിജുവിന്റെ കുറിപ്പ്

കേരളത്തിന്റെ തലസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് പൊലീസിന്റെ വീഴ്ചയാണെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു.

സി ആര്‍ ബിജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പുകഴ്‌ത്തേണ്ട…..
പക്ഷേ…
ഇകഴ്ത്തരുതേ…..

കേരളത്തിന്റെ തലസ്ഥാനത്ത് കോവിഡ് 19 ഇങ്ങനെ വ്യാപിക്കുന്നത് പോലീസിന്റെ വീഴ്ചയാണോ…
ഇന്ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട കേട്ട ഒരു ചോദ്യമാണിത്.

പ്രബുദ്ധ കേരളമേ ഇതിന്റെ ഉത്തരം
എന്താണ്…

ദുഷ്ടലാക്കാവാം
പക്ഷെ
അത് രക്തം വിയര്‍പ്പാക്കുന്നവന്റെ നേരേയാകുമ്പോള്‍….

കഴിഞ്ഞ മാര്‍ച്ച് പതിമൂന്നാം തീയതി മുതല്‍ തുടങ്ങിയതാ വിശ്രമമില്ലാത്ത ഈ ജോലി. മാര്‍ച്ച് 13 ന് ശേഷം കുടുംബം കാണാത്ത നിരവധി പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഉണ്ട്.
പിഞ്ചു കുഞ്ഞുങ്ങളും പ്രായമായ അച്ഛനമ്മമാരും വീടുകളില്‍ ഉള്ളതുകൊണ്ട് തന്നെ കുടുംബം ഉപേക്ഷിച്ച് നില്‍ക്കുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥന്മാരുണ്ട്.
24 മണിക്കൂറും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജനസേവനം നടത്തി വരുന്നവരാണ് പോലീസ് ഉദ്യോഗസ്ഥന്മാര്‍. ഞങ്ങളെ പുകഴ്‌ത്തേണ്ടതില്ല. പക്ഷേ ഇകഴ്ത്തരുത് സോദരാ.

രാജ്യമാകെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നാടാകെ സ്വന്തം ഭവനങ്ങളില്‍ സുരക്ഷിതമായി ഇരുന്നപ്പോഴും, ഈ നാടിന്റെ കാവലും കരുതലും ഏറ്റെടുത്ത് 24 മണിക്കൂറും തെരുവില്‍ ഉണ്ടായിരുന്നവരാണ് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാര്‍. പോലീസ് ജോലികള്‍ക്കപ്പുറം, പുറത്ത് ഇറങ്ങാന്‍ കഴിയാത്തവര്‍ക്ക് മരുന്നും, നിത്യോപയോഗ സാധനങ്ങളും വാങ്ങി വീടുകളില്‍ എത്തിച്ചുവരുന്നതും സംസ്ഥാന പോലീസ് ആണ്.

വിശ്രമമില്ലാതെ, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉള്ളിലൊതുക്കി, പൊതുവാഹനങ്ങളില്ലാതെ കിലോമീറ്ററുകള്‍ സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്ത് കുടുബ ബഡ്ജറ്റ് പോലും തകര്‍ന്ന്, ജീവിത ചെലവ് ഭീമമായി വര്‍ദ്ധിച്ച തൊഴില്‍ വിഭാഗമാണ് സംസ്ഥാന പോലീസ്.
ഈ അവസ്ഥയിലും ഓരോ പോലീസ് ഉദ്യോഗസ്ഥന്‍മാരും നടത്തുന്ന ആത്മാര്‍ഥമായ സേവനം കാണാതെ പോകട്ടെ. അതില്‍ പരിഭവമില്ല.
പക്ഷേ മാനസികമായി തകര്‍ക്കരുതെന്ന വിനീതമായ അഭ്യര്‍ത്ഥന മാത്രം.

കേരളത്തിന്റെ ആഭ്യന്തര സേന എന്ന നിലയില്‍ നാടിന്റെ സുരക്ഷയ്ക്കായി എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥര്‍.
ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്മാരും കൂടുതലായി കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. ഒരാള്‍ പോസിറ്റീവ് ആയാല്‍ അയാള്‍ക്കൊപ്പം സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥന്മാരും കോറെന്റീനില്‍ പോകുന്ന സാഹചര്യവും ഉണ്ടാകുന്നു. അതോടെ അവശേഷിക്കുന്നവരുടെ ജോലി ഭാരം പതിന്‍മടങ്ങ് വര്‍ദ്ധിക്കുന്നു. ഇങ്ങനെ വിശ്രമമില്ലാതെ, ആശങ്കയോടെ ജോലി ചെയ്തുവരുന്നവരാണ് സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍.

ഈ ചോദ്യം കേട്ടപ്പോള്‍ ഉള്ള ഹൃദയവേദനയില്‍ നിന്നാണ് ഇത്രയും പറഞ്ഞു പോയത്. എല്ലാ ദിവസവും പോലീസ് ഉദ്യോഗസ്ഥന്മാരുടെ രോദനങ്ങള്‍ നേരിട്ടും ഫോണിലൂടെയും മെസേജുകളിലൂടെയും അറിയുന്നവനുണ്ടാകുന്ന ഹൃദയവേദന

പ്രിയ സഹപ്രവര്‍ത്തകരേ…
അംഗീകാരത്തിന് വേണ്ടിയല്ല. ഈ നാടിന്റെ സുരക്ഷയ്ക്കായി നമുക്ക് ഇനിയും കര്‍മ്മനിരതരാകാം.
ചരിത്രത്തില്‍ സമാനതകളില്ലാത്ത സാഹചര്യത്തിലൂടെയാണ് ഇന്ന് ലോകം സഞ്ചരിക്കുന്നത്. കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ കേരളവും അതീവ ജാഗ്രതയിലാണ്. ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. ഒരു പകര്‍ച്ചവ്യാധിയെ നേരിടുന്ന രംഗത്ത് കേരളത്തിന്റെ ആഭ്യന്തര സേന എന്ന നിലയില്‍ നാടിന്റെ സുരക്ഷയ്ക്കായി എല്ലാം മറന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് നാം. ഈ നാടാകെ നമുക്ക് ഒപ്പം ഉണ്ട് എന്ന പ്രതീക്ഷയില്‍ ആ ദൗത്യം ഏറെ റിസ്‌ക് എടുത്തുകൊണ്ട് തന്നെ നമുക്ക് ഭംഗിയായി നിറവേറ്റാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News