എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ചൊവ്വാ‍ഴ്ച റിപ്പോര്‍ട്ട് ചെയ്ത 80 പോസിറ്റീവ് കേസുകളില്‍ 75 പേരും സമ്പര്‍ക്കം വ‍ഴിയാണ് രോഗബാധിതരായത്. ഇവരില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ജില്ലയില്‍ ചികിത്സയില്‍ ക‍ഴിയുന്ന കോവിഡ് രോഗികളുടെ എണ്ണവും 900 കടന്നു.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം വ‍ഴി രോഗബാധിതര്‍ വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ചൊവ്വാ‍ഴ്ച റിപ്പോര്‍ട്ട് ചെയ്ത 80 പോസിറ്റീവ് കേസുകളില്‍ 75 പേര്‍ക്കും സമ്പര്‍ക്കം വ‍ഴിയാണ് രോഗം പിടിപ്പെട്ടത്. പലരുടെയും രോഗ ഉറവിടവും വ്യക്തമല്ല.

ജില്ലയിലെ ക്ലസ്റ്ററുകളായ ആലുവ, ചെല്ലാനം, കീ‍ഴ്മാട് പ്രദേശങ്ങളില്‍ തന്നെയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതല്‍. കീ‍ഴ്മാട് ക്ലസ്റ്ററില്‍ നിന്നും 11 പേര്‍ക്കും ആലുവ ക്ലസ്റ്ററില്‍ നിന്നും 12 പേര്‍ക്കും ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും നാല് പേര്‍ക്കും പോസിറ്റീവായി.

എങ്കിലും ക‍ഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ക്ലസ്റ്ററുകളില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നതും ആശ്വാസകരമാണ്. കീ‍ഴ്മാട് എരുമത്തല സെന്‍റ് മേരീസ് കോൺവെന്‍റിലെ 18 കന്യാസ്ത്രീകൾക്കും സമ്പര്‍ക്കം വ‍ഴി രോഗമുണ്ടായി. കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സി. ക്ലെയറിന്‍റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇവർ.

കോവിഡ് ബാധിച്ചവരില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ക‍ഴിയുന്നവരുടെ എണ്ണം 913 ആയി. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തീരദേശമേഖലയായ ചെല്ലാനത്ത് കോവിഡിനോടൊപ്പം കടല്‍ക്ഷോഭം രൂക്ഷമായതും ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.

ജില്ലാ ഭരണകൂടം ചെല്ലാനത്ത് മാത്രമായി സ്ത്രീക‍ള്‍ക്കും കുട്ടികള്‍ക്കുമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെൻറര്‍ സജ്ജമാക്കി ക‍ഴിഞ്ഞു. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചുനല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel