മൂന്നാംഘട്ടത്തിലും പതറാതെ കേരളം; 742 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജം, 69215 കിടക്കകളും

കോവിഡ്‌ ബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോഴും പതറാതെ കേരളം. ലോകത്തിലെ പല വമ്പന്മാരും അടിയറവ്‌ പറഞ്ഞ മഹാമാരിയെ മൂന്നാംഘട്ടത്തിലും ശക്തമായി നേരിടാൻ സംസ്ഥാനം തയ്യാറെടുത്തു. തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ 742 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജമായി.

ഇതിൽ 69,215 ബെഡ്‌ തയ്യാറാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോസിറ്റീവായിട്ടും രോഗലക്ഷണം ഇല്ലാത്തവരെയും നേരിയ ലക്ഷണം ഉള്ളവരെയുമാണ് ഈ കേന്ദ്രങ്ങളിൽ ചികിത്സിക്കുന്നത്. 305 ഡോക്ടർമാരെയും 572 നേഴ്സുമാരെയും 62 ഫാർമസിസ്റ്റുകളെയും 27 ലാബ് ടെക്നീഷ്യന്മാരെയും ഇതിനായി നിയോഗിച്ചു.

നിരവധി സ്വകാര്യ ആശുപത്രികളിലും ചികിത്സാകേന്ദ്രങ്ങൾ ആരംഭിച്ചു. ഫീസും മറ്റും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്‌. കണ്ണൂരും വയനാട്ടിലും രണ്ട് സ്വാശ്രയ സ്വകാര്യ മെഡിക്കൽ കോളേജുകൾ കോവിഡ് ചികിത്സയ്‌ക്ക് മാത്രമായി വിട്ടുനൽകി. ടെസ്റ്റുകളുടെ എണ്ണവും കേന്ദ്രങ്ങളും ഇനിയും വർധിപ്പിക്കും. പൊതുജനങ്ങൾക്ക്‌ വിവരങ്ങൾ കൈമാറുന്നതിനായി 24 മണിക്കൂർ കൺട്രോൾ റൂം തുടങ്ങി.

കോവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളിൽ ലഭ്യമാക്കും. ഇതിനായി ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്തി. അതിർത്തികൾ അടച്ചെങ്കിലും ഗുരുതരമായ ചികിത്സാ ആവശ്യം, മരണം എന്നിവയ്‌ക്ക്‌ തുറന്നുകൊടുക്കും. ചന്തകളിൽ പ്രത്യേക ശ്രദ്ധയ്‌ക്ക്‌ നിർദേശം നൽകി. അനുസരിക്കാത്ത കട ഉടമകൾക്കെതിരെ നിയമനടപടിയുണ്ടാകും.

നിയന്ത്രണാതീതമല്ല

രോഗികളുടെ എണ്ണം നിയന്ത്രണാതീതമല്ലെന്നും ഒരുതരത്തിലും ഉൽക്കണ്ഠ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗബാധ അപകടമാണെന്ന് തിരിച്ചറിഞ്ഞ നിമിഷംമുതൽ പ്രതിരോധത്തിലാണ്‌ നമ്മൾ. അതാണ് ഇനിയും തുടരേണ്ടത്. അതിന് ഇടങ്കോലിടാൻ ആരും ശ്രമിക്കരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

44 പരിശോധനയിൽ ഒരു പോസിറ്റീവ്‌

കോവിഡ്‌ ടെസ്റ്റുകളിലും കേരളം മുന്നിലെന്ന്‌ കണക്കുകൾ. ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റാണ് സംസ്ഥാനം നടത്തുന്നത്. മഹാരാഷ്ട്രയിൽ അഞ്ചും ഡൽഹിയിൽ ഏഴുമാണ്‌. കർണാടകയിൽ ഇത്‌ 17 ഉം തമിഴ്നാട്ടിലും ഗുജറാത്തിലും 11 ഉം ആണ്. ഒറ്റ പരിശോധനാകേന്ദ്രവുമായി കോവിഡ്‌ പ്രതിരോധം തുടങ്ങിയ സംസ്ഥാനത്ത്‌ ഇപ്പോൾ സർക്കാർ മേഖലയിൽ 59 ഉം സ്വകാര്യമേഖലയിൽ 51 ഉം കേന്ദ്രങ്ങളുണ്ട്‌.

രണ്ടാംഘട്ട സമ്പർക്ക രോഗികളെയും കർശനമായി നിരീക്ഷിക്കുന്ന ഏക സംസ്ഥാനം കൂടിയാണ്‌ കേരളം. രോഗികളും മരണവുമായുള്ള അനുപാതം കേരളത്തിൽ 0.33 ശതമാനമാണ്. ഡൽഹിയിൽ ഇത്‌ മൂന്നാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News