സ്വര്‍ണ്ണക്കടത്ത് കേസ്; റെമീസിന്‍റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു; പ്രതിപ്പട്ടിക ഇനിയും വിപുലമാകാന്‍ സാധ്യത

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ കെ ടി റെമീസിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. റെമീസിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. റെമീസിനോപ്പം കളളക്കടത്തിനായി വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം കസ്റ്റഡി കാലാവധി നീട്ടിലഭിച്ച സ്വപ്നയെയും സന്ദീപിനെയും സരിത്തിനൊപ്പം ഒരുമിച്ചിരുത്തി എന്‍ഐഎ ചോദ്യം ചെയ്യും.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണിയെന്ന് എന്‍ഐഎയും കണ്ടെത്തിയ കെ ടി റെമീസിനെയാണ് ഇന്നലെ കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഈ മാസം 27 വരെ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ ലഭിച്ച റെമീസിന്‍റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

ഇതോടെ കേസില്‍ നിര്‍ണായകമായ മുന്നേറ്റം ഉണ്ടാകുമെന്നാണ് സൂചന. നേരത്തേ സരിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു 13 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. റെമീസിന്‍റെ മൊ‍ഴികള്‍ കൂടി പുറത്തുവരുമ്പോള്‍ പ്രതിപ്പട്ടിക ഇനിയും വിപുലമാകാനാണ് സാധ്യത.

പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും മുസ്ലീം ലീഗുമായി അടുത്ത ബന്ധവമു‍ളള റെമീസിന് സ്വര്‍ണ്ണക്കടത്ത് മാഫിയയുമായി വര്‍ഷങ്ങളായി ബന്ധമുണ്ട്. മുമ്പ് സ്വര്‍ണ്ണക്കടത്തില്‍ മാത്രമല്ല, മാന്‍വേട്ട കേസിലും തോക്ക് നിര്‍മ്മാണ കേസിലും ഇയാള്‍ പ്രതിയാണ്. നയതന്ത്ര സുരക്ഷയോടെ സ്വര്‍ണം കടത്താമെന്ന പദ്ധതിയിട്ടതില്‍ പ്രധാന സൂത്രധാരന്‍ റെമീസ് തന്നെയെന്ന് കസ്റ്റംസ് പറയുന്നു.

അതേസമയം റമീസിനോപ്പം വിദേശത്തും കേരളത്തിലുമായി വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കേസില്‍ റമീസിനെ പ്രതിചേര്‍ക്കാന്‍ എന്‍ഐഎയും നടപടി ആരംഭിച്ചു.

നിലവില്‍ സ്വപ്നയും സന്ദീപും സരിത്തുമാണ് എന്‍ഐഎ കസ്റ്റഡിയിലുളളത്. കസ്റ്റഡി കാലാവധി നീട്ടി ലഭിച്ചതിനാല്‍ സന്ദീപിനെയും സ്വപ്നയെയും സരിത്തിനൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം.

എന്‍ഐഎയ്ക്ക് ലഭിച്ച തെളിവുകളും രേഖകളും നിരത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. മൂവരില്‍ നിന്നും സ്വര്‍ണ്ണക്കടത്തിലെ നിര്‍ണായകമായ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News