കള്ളപ്രചാരണങ്ങളുടെ കടപുഴക്കി പൊലീസ് ഹെലികോപ്‌ടറിന്‍റെ രണ്ടാം ദൗത്യം

കേരളത്തിന്റെ സ്വന്തം ഹെലികോപ്ടർ ഹൃദയവുമായി രണ്ടാം തവണയും പറന്നത് കോവിഡ് പ്രതിരോധത്തിന് വിലങ്ങുതടിയിട്ട കള്ളപ്രചാരണങ്ങളുടെ കടപുഴക്കിയാണ്. അനാവശ്യമായി ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നുവെന്നു പറഞ്ഞാണ് പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും വിവാദത്തിനു തിരികൊളുത്തിയത്.

ഒരു വർഷത്തേക്ക് ഒന്നരക്കോടി രൂപയ്ക്ക് വാടകയ്ക്ക് എടുത്തതിനെ വിലയ്ക്കുവാങ്ങിയെന്ന മട്ടിലാണ് പ്രതിപക്ഷം ചിത്രീകരിച്ചത്. ധൂർത്ത്, അഴിമതി എന്നൊക്കെ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. ആ ഹെലികോപ്ടറാണ് സ്പന്ദിക്കുന്ന ഹൃദയവുമായി രണ്ടാം തവണയും പറന്നത്. ഇതോടെ ഹെലികോപ്ടർ ചിറകടിച്ചുതെറിപ്പിച്ചത് പ്രതിപക്ഷ-മാധ്യമ സംഘത്തിന്റെ നുണപ്രചാരണത്തെക്കൂടിയാണ്.

സംസ്ഥാന പൊലീസിന് വേണ്ടി മാർച്ചിലാണ് സർക്കാർ ഹെലികോപ്റ്റർ വാടകക്ക് എടുത്തത്. പൊതുമേഖലാ സ്ഥാപനമായ പവനൻഹാൻസ് കമ്പനിയിൽനിന്നാണ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. എന്നാൽ ഹെലികോപ്ടർ വാങ്ങേണ്ട എന്ത് സാഹചര്യമാണെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചത്.

അതിനു കുറിക്കുകൊള്ളുന്ന ഉത്തരമാണ് ഈ ദൗത്യങ്ങളിലൂടെ കിട്ടിയത്. അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷയ്ക്കും ദുരന്തപ്രതിരോധത്തിനും ആവശ്യമായതിനാലാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.

സ്വന്തമായി വാങ്ങുന്നതിനേക്കാൾ വാടകയ്ക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതൊന്നും കണക്കിലെടുക്കാതെ വിവാദമുയർത്തിയവർക്കുള്ള തിരിച്ചടിയാണ് ഇപ്പോൾ നൽകിയത്. കോവിഡ് ഭീതി പരക്കുന്നതിനിടെ സർക്കാരിനെ വേട്ടയാടാൻ ലക്ഷ്യമിട്ട മിക്ക വിവാദങ്ങളുടെയും അവസ്ഥയും ഇതേപോലെയായി.

മെയ് 9നായിരുന്നു ഹെലികോപ്റ്ററിന്റെ ആദ്യ ദൗത്യം. തിരുവനന്തപുരം കിംസിൽ മസ്തിഷ്‌കമരണം സംഭവിച്ച ചെമ്പഴന്തി കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാറി(50)ന്റെ ഹൃദയമാണ് അന്ന് കൊച്ചിയിലെത്തിച്ചത്. കോതമംഗലം സ്വദേശി ലീനയിലാണ് ആ ഹൃദയം തുന്നി ചേർത്തത്. ജൂലൈ 21ന് വീണ്ടും ഹൃദയവുമായി ഹെലികോപ്റ്റർ തിരുവനന്തപുരത്ത് നിന്ന് പറന്നു.

വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ ഹൃദയം തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിനായി നൽകാനായിരുന്നു രണ്ടാം ദൗത്യം. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്‌ക്ക് 1.54ന് തിരിച്ച ഹെലിക്കോപ്റ്റർ 2.44ന് കൊച്ചി ഗ്രാൻഡ് ഹയാത്തിന്റെ ഹെലിപാഡിലെത്തി. അവയവങ്ങൾ ഒരു മിനിറ്റിനുള്ളിൽ ആംബുലൻസുകളിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News