രാജസ്ഥാന്‍ രാഷ്ട്രീയ തർക്കം; ഹൈക്കോടതി തീരുമാനത്തിനെതിരെ സ്പീക്കർ സുപ്രീംകോടതിയിലേക്ക്

രാജസ്ഥാനിലെ രാഷ്ട്രീയ തർക്കം സുപ്രീംകോടതിയിലേക്ക്. സച്ചിൻ പൈലറ്റിനെയും 18 വിമത എം. എൽ. എ മാരെയും അയോഗ്യരാക്കാനുള്ള നീക്കം വൈകിപ്പിക്കുന്ന ഹൈക്കോടതി തീരുമാനത്തിനെതിരെ രാജസ്ഥാൻ സ്പീക്കർ സുപ്രീംകോടതിയെ സമീപിച്ചു. അതേ സമയം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരന്റെ വസതിയിൽ കേന്ദ്ര ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.

ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ രാജസ്ഥാൻ ഹൈകോടതിയിൽ നിന്നും അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലാണ് സ്പീക്കർ സി. പി. ജോഷി സുപ്രീംകോടതിയെ സമീപിച്ചത്. എം. എൽ. എ മാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ സച്ചിൻ പൈലറ്റും വിമതരും നൽകിയ ഹർജിയിൽ വെള്ളിയാഴ്ച വരെ സ്പീക്കർ നടപടി എടുക്കരുത് എന്ന് കോടതി ഉത്തരവ് ഉണ്ട്. നടപടി വൈകിപ്പിക്കാനാണ് ശ്രമം എന്ന് സ്പീക്കർ ചൂണ്ടി കാട്ടുന്നു.

ആ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നത് എന്ന് നിയമസഭാ സ്പീക്കർ സി. പി. ജോഷി അറിയിച്ചു. കോൺഗ്രസ്‌ ചീഫ് വിപ്പ് മഹേഷ്‌ ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സച്ചിൻ പൈലറ്റിനും വിമത എം. എൽ. എ മാർക്കുമെതിരെ നിയമസഭ സെക്രട്ടറിയേറ്റ് നടപടി ആരംഭിച്ചത്. അതേ സമയം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കം ബിജെപി ശക്തമാക്കുന്നു. ഗെഹ്‌ലോട്ടിന്റെ സഹോദരന്റെ വീട്ടിൽ കേന്ദ്ര ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.

നേരത്തെ ഗെഹ്‌ലോട്ടുമായി ബന്ധമുള്ള വ്യാപാരികളുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കൂറുമാറാൻ 35 കോടി രൂപ സച്ചിൻ പൈലറ്റ് വാഗ്ദാനം ചെയ്തുവെന്ന് പരസ്യമായി പറഞ്ഞ കോൺഗ്രസ്‌ എം. എൽ. എ ഗിരിരാജ് സിങ്ങിന്, സച്ചിൻ പൈലറ്റ് വക്കിൽ നോട്ടീസ് അയച്ചു. അപകീർത്തിപെടുത്തിയെന്ന് സച്ചിൻ വകീൽ നോട്ടീസിൽ ആരോപിയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News