കൊവിഡ് വ്യാപനം; ആലുവ ക്ലസ്റ്ററിലുള്ള പ്രദേശങ്ങള്‍ ഇന്ന് രാത്രി മുതല്‍ അടച്ചിടും; ആലുവ മുന്‍സിപാലിറ്റിയും സമീപപ്രദേശങ്ങളും ലാര്‍ജ് ക്ലസ്റ്ററായി മാറി

കൊച്ചി: കൊവിഡ് വ്യാപനം അതീവ ഗുരുതരമായ ആലുവ ക്ലസ്റ്ററിലുള്ള പ്രദേശങ്ങള്‍ ഇന്ന് രാത്രിമുതല്‍ അടച്ചിടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.

ആലുവ മുന്‍സിപാലിറ്റിയും സമീപ പഞ്ചായത്തുകളായ, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കീഴ്മാട് എന്നീ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

ആലുവ മുന്‍സിപാലിറ്റിയും സമീപപ്രദേശങ്ങളും കോവിഡ് വ്യാപനത്തിന്റെ ലാര്‍ജ് ക്ലസ്റ്ററായി മാറിയെന്ന് മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ആലുവയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. ക്ലസ്റ്ററില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തന അനുമതി നല്‍കും.

തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കുന്ന കരുണാലയത്തില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കി മാറ്റും. ജില്ല തല കോവിഡ് അവലോകനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ ആണ് മന്ത്രി നിയന്ത്രണങ്ങള്‍ അറിയിച്ചത്. ജില്ലയില്‍ വയോജനങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കര്‍ശനമാക്കും.

മുവാറ്റുപുഴ പെഴക്കാപ്പള്ളി മല്‍സ്യ മാര്‍ക്കറ്റും അടച്ചിടും. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രദേശത്തെ കടലേറ്റവും ശമിച്ചിട്ടുണ്ട്. പ്രദേശത്തെ എഫ്. എല്‍. ടി. സി യില്‍ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തു ഭക്ഷണ കിറ്റുകളും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യ ബന്ധന കുടുംബങ്ങള്‍ക്ക് ധനസഹായവും വിതരണം ചെയ്യും.

വിവാഹങ്ങള്‍ക്കും മരണാന്തര ചടങ്ങുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പോലീസിനെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും റെവന്യൂ ഉദ്യോഗസ്ഥരെയും വിവരമറിയിക്കണം.

കോവിഡ് രോഗി സമ്പര്‍ക്കത്തിന്റെ പേരില്‍ ജില്ലയില്‍ അടച്ചിട്ടിരിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളും അണുനാശനം നടത്തി നാളെ മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് പരിശോധന സംവിധാനമുള്ള സ്വകാര്യ ആശുപത്രികളില്‍ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗിക്കള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.

ഗുരുതര അവസ്ഥയിലുള്ള രോഗികളെ മെഡിക്കല്‍ കോളേജില്‍ വിവരമറിയിച്ച ശേഷം മാത്രമേ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ പാടുള്ളു. എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കും. എല്ലാ ആശുപത്രികളും ദിവസേന മൂന്ന് തവണ അണുവിമുക്തമാക്കി വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കും.

കോവിഡ് പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 10 ദിവസം എഫ്. എല്‍. ടി. സി കളില്‍ കഴിഞ്ഞവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാര്‍ജ് ചെയ്യും. ജില്ലയില്‍ ഇതുവരെ 72 കേന്ദ്രങ്ങളില്‍ ആയി 3752 എഫ്. എല്‍. ടി. സി ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഗുരുതര അവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികളിലെ ഇന്റെന്‍സീവ് കെയര്‍ ചികിത്സകരുടെയും അവസാന വര്‍ഷ പി. ജി വിദ്യാര്‍ത്ഥികളുടെയും സേവനം ഉറപ്പാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കല്‍ കോവിഡ് പരിശോധന ട്രെയിനിങ് നല്‍കി കഴിഞ്ഞു.

ആലുവ മേഖലയില്‍ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തില്‍ പെടുന്നതായാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുള്ളതെന്ന് കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. എസ്. പി കെ കാര്‍ത്തിക്, ഡി. സി. പി ജി. പൂങ്കുഴലി, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ കുട്ടപ്പന്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here