‘ഒരൊറ്റ കാരണം മാത്രം മതി, മനുഷ്യത്വം’; രോഗാവസ്ഥയിലും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായ സനേഷ് മരണത്തിന് കീഴടങ്ങി

കണ്ണൂര്‍: കടുത്ത രോഗാവസ്ഥയിലും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായ കണ്ണൂരിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ പി സനേഷ് മരണത്തിന് കീഴടങ്ങി. കാന്‍സര്‍ രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന സനേഷിന്റെ അകാല വിയോഗം നാടിനെ ദു:ഖത്തിലാക്കി.

‘സര്‍ക്കാറിന്റെ സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പല ന്യായങ്ങളും നിരത്താനുണ്ടാകും പക്ഷെ പങ്കെടുക്കാന്‍ ഒരൊറ്റ കാരണം മാത്രം മതി , മനുഷ്യത്വം’. ജീവന്‍ തിരിച്ചുപിടിക്കാന്‍ ആശുപത്രിക്കിടക്കയില്‍ കാന്‍സര്‍ രോഗത്തോട് പൊരുതുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി സനേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണിവ.

ചികിത്സക്കാവശ്യമായ ലക്ഷങ്ങള്‍ കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിനിടയിലായിരുന്നു സഹജീവി സ്‌നേഹത്തിന്റെ മഹാ മാതൃകയായി ഈ പോലീസുകാരന്‍ മാറിയത്.

അര്‍ബുദത്തോട് അവസാന ശ്വാസംവരെ പൊരുതി സനേഷ് മരണത്തിന് കീഴടങ്ങി.സനേഷിന്റെ അകാല വിയോഗം നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും സഹ പ്രവര്‍ത്തകര്‍ക്കും തീരാത്ത വേദനയായി

എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച പഠന കാലത്തും പിന്നീട് പോലീസ് സേനയുടെ ഭാഗമായപ്പോഴുമെല്ലാം സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു സനേഷ്.

ഭാര്യയും മകളും അടങ്ങുന്നതാണ് കണ്ണൂര്‍ ചക്കരക്കല്‍ കണയന്നൂര്‍ സ്വദേശിയായ സനേഷിന്റെ കുടുംബം.കണയന്നൂര്‍ വയനശാലയിലും വീട്ടിലും പൊതു ദര്‍ശനത്തിന് ശേഷം ചെമ്പിലോട് പഞ്ചായത്തു ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here