സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഏതന്വേഷണവുമായി സഹകരിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം സിനിമാമേഖലയിലേക്ക് വന്നാല്‍ സഹകരിക്കുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍. സിനിമയിലാകമാനം കളളപ്പണവും മെറ്റല്‍ കറന്‍സിയും ഒ‍ഴുകുകയാണെന്ന പ്രചാരണം വ്യവസായത്തെ ഇല്ലായ്മ ചെയ്യാനേ ഉപകരിക്കൂവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ചെലവ് ചുരുക്കിയുളള പുതിയ സിനിമകളുമായി സഹകരിക്കാനും കൊച്ചിയില്‍ ചേര്‍ന്ന നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചു.

സ്വര്‍ണ്ണക്കടത്തില്‍ സിനിമാ മേഖലയിലേക്കും കളളപ്പണം ഒ‍ഴുകിയിട്ടുണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍ രംഗത്തെത്തിയത്. കേസന്വേഷണം സിനിമാ മേഖലയിലേക്ക് വന്നാലും പൂര്‍ണമായും സഹകരിക്കുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

അനധികൃതമായ സ്രോതസ്സുകളില്‍ നിന്നും ലഭ്യമാകുന്ന പണമാണ് സിനിമാ വ്യവസായത്തില്‍ നിക്ഷേപിക്കുന്നതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കൃത്യമായി നികുതിയടച്ച് സുതാര്യമായി ചലച്ചിത്ര നിര്‍മ്മാണം നടത്തുന്നവരാണ് മഹാഭൂരിപക്ഷം നിര്‍മ്മാതാക്കളും. എന്നാല്‍ സിനിമയിലാകമാനം കളളപ്പണവും മെറ്റല്‍ കറന്‍സിയും ഒ‍ഴുകുകയാണെന്ന പ്രചാരണം വ്യവസായത്തെ ഇല്ലായ്മ ചെയ്യാനേ ഉപകരിക്കൂ.

ഏതെങ്കിലും ഒരു നിര്‍മ്മാതാവ് അനധികൃത സ്രോതസ്സുകളെ ആശ്രയിച്ചാല്‍ അവര്‍ക്കെതിരായ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. അതേസമയം ചെലവ് ചുരുക്കിയുളള പുതിയ സിനിമകളുമായി സഹകരിക്കാനും കൊച്ചിയില്‍ ഓണ്‍ലൈന്‍ വ‍ഴി ചേര്‍ന്ന നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചു.

താരങ്ങളുടെ പ്രതിഫലകാര്യത്തില്‍ കുറവ് വരുത്തണമെന്ന ആവശ്യത്തില്‍ താരസംഘടന അമ്മയും ഫെഫ്കയും അനുകൂല നിലപാടറിയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചെലവ് കുറഞ്ഞ സിനിമകളുടെ ഷൂട്ടിംഗ് ആരംഭിക്കാം.

66 സിനിമകളുടെ ചിത്രീകരണമാണ് ലോക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിയത്. തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഈ സിനിമകള്‍ക്കായിരിക്കും ആദ്യം പരിഗണന നല്‍കുകയുളളൂവെന്നും പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News