സ്‌ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ ഇതേവരെയില്ലെന്ന് മുഖ്യമന്ത്രി പിണറായി; ” മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാം, എതിര്‍പ്പില്ല, വ്യാജപ്രചരണം നടത്തി ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കരുത്”

തിരുവനന്തപുരം: മാസങ്ങളായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന ആക്ഷേപം മാധ്യമങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റെടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നു. മാധ്യമസംഭാവന വലുത്. ബോധവത്കരണ പ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിക്കുന്നു. എന്നാല്‍ സമീപ കാലത്ത് ചിലയിടങ്ങളില്‍ അത് ചോര്‍ന്നുപോകുന്നുവെന്ന് സംശയം ഉണ്ട്.

ഇന്ന് ഒരു വാര്‍ത്താ ചാനല്‍ ആവര്‍ത്തിച്ച് കാണിച്ച ബ്രേക്കിങ് ന്യൂസ് കേരളത്തില്‍ കൊവിഡ് മരണം കൂടുന്നുവെന്നാണ്. മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. സ്‌ഫോടനാത്മകമായ രീതിയില്‍ മരണസംഖ്യ സംസ്ഥാനത്ത് ഇതേവരെയില്ല.

കൊവിഡ് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ജനങ്ങളിലെത്തിക്കണം. അതില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മാസങ്ങളായി രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന ആക്ഷേപം ഒഴിവാക്കണം. തെറ്റായ പ്രചാരണം ഏറ്റെടുക്കരുത്.

ചെറിയ പ്രശ്‌നങ്ങള്‍ പോലും ഊതിവീര്‍പ്പിച്ച് മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി എന്ന സൂപ്പര്‍ ലീഡ് വാര്‍ത്ത നല്‍കുന്നു. മെഡിക്കല്‍ കോളേജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടാകും. അവര്‍ക്ക് ചികിത്സ നല്‍കേണ്ടി വരും. മെഡിക്കല്‍ കോളേജിലാകെ പ്രതിസന്ധിയെന്ന് പ്രചരിപ്പിക്കരുത്.

സംസ്ഥാനത്ത് എല്ലായിടത്തും സര്‍ക്കാര്‍-സ്വകാര്യ ആംബുലന്‍സുകള്‍ കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ അപ്പോള്‍ തന്നെ മാറ്റാനായെന്ന് വരില്ല.

ഓരോ യാത്രക്ക് ശേഷവും ആംബുലന്‍സ് അണുവിമുക്തമാക്കണം. ഒന്നിലേറെ സ്ഥലത്ത് ഒരേ സമയം കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യാം. ഗുരുതരാവസ്ഥയിലായ രോഗിയല്ലെങ്കില്‍ അവര്‍ ഉള്ളിടത്ത് തന്നെ അല്‍പ്പ സമയം തുടരാം. ആംബുലന്‍സ് സ്വാഭാവിക കാരണങ്ങളാല്‍ അല്‍പം വൈകുന്നത് മഹാ അപരാധമായി ചിത്രീകരിക്കരുത്.

ആശുപത്രികളിലും എഫ്എല്‍ടിസികളിലും ചികിത്സയും ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. എന്തെങ്കിലും പ്രത്യേക കാരണത്താല്‍ ഭക്ഷണം വൈകിയാല്‍ സര്‍ക്കാരിന്റെ പരാജയം രോഗികള്‍ക്ക് പീഡനം എന്നാണ് ഒരു ചാനല്‍ ദൃശ്യമടക്കം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടവര്‍ ഖേദം പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം തകര്‍ക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഒരു കൂട്ടം സംഘങ്ങള്‍ ഇത്തരം വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നുണ്ട്.

കൊവിഡിനെതിരായ പോരാട്ടം ജനങ്ങളുടെ ജീവന് വേണ്ടിയുള്ള പോരാട്ടമാണ്. നുണ പ്രചരിപ്പിച്ച് അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തിരുത്താനൊന്നും പോകുന്നില്ല. തെറ്റായ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമം ഇതുവരെ തിരുത്തിയില്ല. എല്ലാവരെയും കുറിച്ചല്ല. ചില പ്രത്യേക ഉദ്ദേശത്തോടെ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങുന്നു.

കേരളത്തില്‍ മാധ്യമങ്ങള്‍ പൊതുവില്‍ ജാഗ്രത കാണിച്ചു. പ്രതിരോധത്തില്‍ ജാഗ്രതയുണ്ടായി. അത് തുടരേണ്ട ഘട്ടമാണ്. അതിന് എല്ലാ മാധ്യമങ്ങളും അവര്‍ക്കുള്ള പ്രത്യേക താത്പര്യം മാറ്റിനിര്‍ത്തി നാടിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here