തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം; അതിര്‍ത്തി പ്രദേശത്ത് കൊവിഡ് വര്‍ധിക്കുന്നു; ജില്ലതിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോസിറ്റീവായ 226 കേസില്‍ 190 പേരും സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചവരാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം കണ്ടെത്തി. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കച്ചവടക്കാര്‍ക്ക് സ്റ്റോക്ക് ശേഖരിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പാറശാല അടക്കമുള്ള അതിര്‍ത്തി പ്രദേശത്ത് കൊവിഡ് വര്‍ധിക്കുന്നു.

കൊല്ലത്ത് 133 പേരില്‍ 116 ഉം സമ്പര്‍ക്കമാണ്. അഞ്ച് പേരുടെ ഉറവിടം അറിയില്ല. നിയന്ത്രണം ശക്തിപ്പെടുത്തും. തീരമേഖലയില്‍ വിനോദത്തിനും കാറ്റ് കൊള്ളാനും പ്രദേശവാസികളെ അനുവദിക്കില്ല.

പത്തനംതിട്ടയില്‍ 32 സമ്പര്‍ക്ക രോഗികള്‍. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചികിത്സയിലുള്ള അഞ്ച് രോഗികള്‍ക്കും രോഗം.

ആലപ്പുഴയില്‍ കണ്ടെയ്ണന്‍മെന്റ് സോണില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കാം. വണ്ടാനം പ്ലാസ്മ തെറാപ്പിയില്‍ സ്വയം പര്യാപ്തത നേടി.

കോട്ടയത്ത് 51 പേരില്‍ 46 സമ്പര്‍ക്കത്തിലൂടെ രോഗം. മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഗര്‍ഭിണികളടക്കം അഞ്ച് പേര്‍ക്ക് കൊവിഡ്.

ഇടുക്കിയില്‍ ഇന്ന് വണ്ണപ്പുറം വാഴത്തോപ്പ് രാജക്കാട് എന്നിവിടങ്ങളില്‍ സമ്പര്‍ക്ക രോഗം കൂടുതലാണ്. 26 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളത്ത് 93 രോഗികള്‍. അതില്‍ 66 സമ്പര്‍ക്കമാണ്. 15 പേരുടെ ഉറവിടം അറിയില്ല. ആലുവ മേഖലയില്‍ കൊവിഡ് വൈറസ് വ്യാപനം വലിയ തോതില്‍ പടരുന്ന അപകട സാധ്യത കൂടിയതായാണ് കണ്ടെത്തല്‍. അതുകൊണ്ട് ജാഗ്രത അനിവാര്യമാണ്. ഇവിടെ സമീപ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററാക്കി. ഇവിടെ കര്‍ഫ്യൂ രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെ മൊത്തവിതരണവും പത്ത് മുതല്‍ രണ്ട് വരെ ചില്ലറ വില്‍പ്പനയും അനുവദിക്കും. ചെല്ലാനത്ത് രോഗവ്യാപനം കുറഞ്ഞു. എഫ്എല്‍ടിസിയില്‍ കൊവിഡ് പരിശോധന തുടങ്ങി. ജില്ലയില്‍ അടച്ചിട്ട എല്ലാ സ്വകാര്യ ആശുപത്രികളും നാളെ പ്രവര്‍ത്തനം പുനരാരംഭിക്കും.

തൃശ്ശൂരില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. സമ്പര്‍ക്ക വ്യാപനവും കൂടി. കണ്ടെയ്ന്‍മെന്റ് സോണുകള്‍ വര്‍ധിച്ചു. മൂന്ന് തദ്ദേശ സ്ഥാപനങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി. പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയില്‍ നിന്ന് രോഗം വ്യാപിച്ചു. ജൂലൈ 20 ന് നടത്തിയ 565 ആന്റിജന്‍ ടെസ്റ്റില്‍ 36 പേര്‍ക്ക് രോഗം കണ്ടെത്തി.

മലപ്പുറത്ത് സമൂഹ വ്യാപനം കണക്കിലെടുത്ത് കൊണ്ടോട്ടി, നിലമ്പൂര്‍ നഗരസഭകള്‍ കണ്ടെയ്ന്‍മെന്റ് സോണായി.

വയനാട് പുല്‍പ്പള്ളിയിലെ ജനപ്രതിനിധിക്ക് രോഗം കണ്ടെത്തി. ഇദ്ദേഹവുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

കണ്ണൂരില്‍ കടകള്‍, മാളുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളും അഞ്ച് മണി വരെ മാത്രമേ പ്രവര്‍ത്തനം അനുവദിക്കൂ. ജില്ലയിലേക്ക് വരുന്നവരെ വാര്‍ഡ് തല സമിതി പ്രത്യേകം നിരീക്ഷിക്കും. ചെറു സന്ദര്‍ശനത്തിന് വരുന്നവര്‍ പലയിടത്ത് സന്ദര്‍ശിക്കുന്നു. ഇത്തരക്കാര്‍ കാര്യം നടത്തി യഥാസമയം തിരികെ പോകണം.

കാസര്‍കോട് 101 പേരില്‍ ഇന്ന് 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കര്‍ണാടക മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്ക് തലപ്പാടി വരെ പോകാന്‍ കെഎസ്ആര്‍ടിസി ബസ് ഒരുക്കും. അവിടെ നിന്ന് കര്‍ണ്ണാടക സര്‍ക്കാരിന്റെ ബസ് ഉപയോഗിച്ച് പോകണം. മറ്റ് വാഹനം ഉപയോഗിക്കരുത്. തിരികെ വന്നാല്‍ ഏഴ് ദിവസം ക്വാറന്റൈന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News