മണ്ടേലയുടെ ജയിൽ സഖാവ്‌ മ്ലൻഗേനിയും വിടവാങ്ങി

ദക്ഷിണാഫ്രിക്കയിൽ വർണവിവേചനത്തിനെതിരെ നടന്ന പോരാട്ടത്തിൽ നെൽസൺ മണ്ടേലയുടെ സഖാക്കളിൽ ഒരാളായി അദ്ദേഹത്തിനൊപ്പം റിവോണിയ വിചാരണ നേരിട്ട്‌ ജയിലിടയ്‌ക്കപ്പെട്ട ആൻഡ്രൂ മ്ലൻഗേനി (95) വിടവാങ്ങി.

ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന്‌ ചൊവ്വാഴ്ചയാണ്‌ പ്രിട്ടോറിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. റിവോണിയ വിചാരണ നേരിട്ട സമരനായകരിൽ അവശേഷിച്ചിരുന്ന അവസാനത്തെ ആളാണ്‌.

വർണവെറിയൻ സർക്കാരിനെ അട്ടിമറിക്കാൻ ഗുഡാലോചന നടത്തിയെന്ന കേസിൽ മണ്ടേല, ഡെന്നിസ്‌ ഗോൾഡ്‌ബെർഗ്‌, വാൾട്ടർ സിസിലു തുടങ്ങിയവർക്കൊപ്പം മ്ലൻഗേനി 27 വർഷം ജയിൽജീവിതം അനുഭവിച്ചു.

ജയിൽമോചിതനായശേഷം 1994 മുതൽ ദക്ഷിണാഫ്രിക്കയിലെ ആദ്യ ജനാധിപത്യ പാർലമെന്റിൽ അംഗമായിരുന്നു. പിന്നീട് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്‌ പാർടിയുടെ ആഭ്യന്തര അന്വേഷണസമിതിയായ ഇന്റഗ്രിറ്റി കമ്മിറ്റി ചെയർമാനായി. ചൈനയിൽ ആയുധ പരിശീലനത്തിന്‌ മണ്ടേല തെരഞ്ഞെടുത്ത പോരാളികളിൽ ഒരാളായിരുന്നു മ്ലൻഗേനി.

മരണത്തിൽ പ്രസിഡന്റ്‌ സിറിൽ റമഫോസ അനുശോചിച്ചു. ഇദ്ദേഹത്തിന്റെ മരണത്തോടെ ഒരു തലമുറയുടെ ചരിത്രമാണ്‌ അവസാനിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും സ്വാതന്ത്ര്യത്തിന്‌ വേണ്ടി സ്വന്തം സ്വാതന്ത്ര്യവും തൊഴിലും കുടുംബജീവിതവും ആരോഗ്യവും ത്യജിച്ച ധീരരുടെ തലമുറയിലെ അവസാന തൂണാണ്‌ വിടവാങ്ങിയതെന്ന്‌ ആർച്ച്‌ബിഷപ്പ്‌ ഡെസ്‌മണ്ട്‌ ടുട്ടുവും ഭാര്യ ലിയയും പ്രസ്‌താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News