രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനും വിമത എം. എൽ. എമാർക്കുമെതിരായ അയോഗ്യത നോട്ടീസിന് എതിരെ ഹൈകോടതി വിധി പ്രസ്താവിക്കുന്നത് സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും.
വിമത എം എൽ എ മാർക്ക് എതിരെ സ്പീക്കറുടെ നടപടി സുപ്രീം കോടതിയുടെ അന്തിമ വിധിയ്ക്ക് അനുസൃതമായിരിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇതിനിടെ സഹകരണ സൊസൈറ്റി കുംഭകോണത്തിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് എതിരായ പരാതി അന്വേഷിക്കാൻ ജയ്‌പൂർ കോടതി ഉത്തരവിട്ടു.
സച്ചിൻ പൈലറ്റിനും വിമത എം എൽ എ മാർക്ക് എതിരെ നടപടി പാടില്ല എന്ന ഹൈകോടതിയുടെ ഇടക്കാല വിധിക്ക് എതിരെ സ്പീക്കർ സിപി ജോഷി നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. എന്നാൽ വിമതർ നൽകിയ ഹർജിയിൽ നാളെ രാജസ്ഥാൻ ഹൈകോടതി വിധി പറയുന്നത് തടയാൻ സുപ്രീം കോടതി തയാറായില്ല.
വിധി പറയുന്നതിൽ നിന്നും ഹൈക്കോടതിയെ വിലക്കണം എന്ന് സ്‌പീക്കർക്ക് വേണ്ടി ഹാജർ ആയ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് അനുസൃതമായാകും സ്പീക്കർക്ക് എം എൽ എ മാർക്ക് എതിരെ നടപടി എടുക്കാനുള്ള അധികാരം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജനങ്ങൾ തെരെഞ്ഞെടുത്ത എം എൽ എ മാരുടെ വിമത ശബ്ദ്ദം അമർച്ച ചെയ്യുന്നത് ജനാധിപത്യത്തിന് ഗുണം ചെയ്യുമോ എന്നും സുപ്രീം കോടതി ആരാഞ്ഞു. നിയമസഭയ്ക്ക് പുറത്തുള്ള വിഷയങ്ങളിൽ സ്‌പീക്കർക്ക് എത്രത്തോളം ഇടപെടാൻ കഴിയും എന്നതിനെകുറിച്ച് തിങ്കളാഴ്ച മുതൽ സുപ്രീം കോടതി വിശദമായി വാദം കേൾക്കും.
ഇതിനിടെ ആയിരം കോടിയുടെ സഹകരണ സൊസൈറ്റി കുംഭകോണത്തിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് എതിരായ പരാതി അന്വേഷിക്കാൻ ജയ്‌പൂരിലെ കോടതി ഉത്തരവിട്ടു. അശോക് ഘെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ വിമത കോൺഗ്രസ് എം എൽ എ മാരുമായി ഗൂഢാലോചന നടത്തി എന്ന ആരോപണത്തിലും ഗജേന്ദ്ര സിങ് ശെഖാവത്തിന് എതിരെ അന്വേഷണം നടക്കുകയാണ്
Get real time update about this post categories directly on your device, subscribe now.