മന്ത്രി ശൈലജ വീണ്ടും ടീച്ചറായി; ക്ലാസെടുത്തത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക്

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്.

മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.എ.എസ്. ലഭിച്ച് ജോലിയില്‍ പ്രവേശിച്ച 180 ഐ.എ.എസ്. ഓഫീസര്‍മാരാണ് ക്ലാസില്‍ പങ്കെടുത്തത്.

ഓണ്‍ ക്യാമ്പസ് ട്രെയിനിംഗ് പ്രോഗ്രാം ആയി നടത്തുന്ന പരിപാടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള വളരെ അപൂര്‍വം മന്ത്രിമാര്‍ക്കാണ് ഇങ്ങനെ ക്ലാസെടുക്കാനുള്ള അവസരം ലഭിച്ചിട്ടുള്ളത്.

‘കോവിഡ് പ്രതിരോധത്തില്‍ സമൂഹപങ്കാളിത്തം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പവര്‍ പോയിന്റ് പ്രസന്റേഷനോടെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തത്. കോവിഡ് പ്രതിരോധത്തിന്റെ അനുഭവങ്ങള്‍ ഒന്നര മണിക്കൂര്‍ നീണ്ട ക്ലാസില്‍ പ്രതിഫലിച്ചു.

6 മാസത്തിലേറെയായി കേരളം കൊറോണ വൈറസിനെതിരായ തുടര്‍ച്ചയായ പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണ്. ഒന്നും രണ്ടും ഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞു. മൂന്നാം ഘട്ടത്തില്‍ കേസുകളുടെ എണ്ണം കൂടിയെങ്കിലും ഫലപ്രദമായി നേരിടുകയാണ് കേരളം.

കോവിഡിന്റെ പ്രാദേശിക വ്യാപനം കുറയ്ക്കുന്നതിന് ശക്തമായ നടപടികളാണ് കേരളം സ്വീകരിച്ചുവരുന്നത്. വികേന്ദ്രീകൃത പൊതുജനാരോഗ്യ സംവിധാനവും ഫലപ്രദമായ ഇടപെടലുകളുമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നത്.

കര്‍ശനമായ നിരീക്ഷണത്തിലൂടെ ക്ലസ്റ്ററുകള്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ക്ലസ്റ്ററുകളില്‍ മികച്ച പരിചരണം ഉറപ്പ് വരുത്താന്‍ ക്ലസ്റ്റര്‍ കെയര്‍ നടപ്പിലാക്കി വരുന്നു. ഓരോ രോഗിക്കും ഉചിതമായ സമയത്ത് വൈദ്യ സഹായം ഉറപ്പാക്കുന്നു. അതുവഴി മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ കഴിയുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസിന്റെ ആക്രമണശേഷി മുന്‍കൂട്ടികണ്ടുകൊണ്ട് സമര്‍ത്ഥമായ പ്രതിരോധ തന്ത്രം തീര്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞു. കേരളത്തിന്റെ മുന്നൊരുക്കങ്ങളും വിപത്ത് മുന്‍കൂട്ടികണ്ടുകൊണ്ടുള്ള ആസൂത്രണവുമാണ് പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്.

കോവിഡ് പശ്ചാത്തലത്തില്‍ കീഴ്ത്തട്ടു വരെ പരിശീലനങ്ങളും ബോധവത്ക്കരണവും നടത്തി ആരോഗ്യ പ്രവര്‍ത്തകരെയാകെ സജ്ജമാക്കാന്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെ സഹായകമായി. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും കേരളത്തിന് സാധിച്ചത് അങ്ങനെയാണ്.

ട്രെയ്സിംഗ്, ക്വാറന്റൈനിംഗ്, ഐസൊലേഷന്‍, ട്രീറ്റിമെന്റ് എന്നിവയില്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സംവിധാനമാണ് ഒരുക്കിയത്. ഇതുകൂടാതെ ബ്രേക്ക് ദ ചെയിന്‍, റിവേഴ്സ് ക്വാറന്റൈന്‍, ശാസ്ത്രീയമായ പരിശോധനാ ക്രമം, ഗ്രാന്റ് കെയര്‍, കമ്മ്യൂണിറ്റി കിച്ചണ്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക ക്യാമ്പുകള്‍, സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആക്ഷന്‍ പ്ലാന്‍, ടെലി മെഡിസിന്‍ എന്നിവയും ഫലപ്രദമായി നടപ്പിലാക്കി.

നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തി 8000 ലധികം അധിക സ്റ്റാഫുകളും അധിക സജ്ജീകരണങ്ങളും സജ്ജമാക്കി. ആശുപത്രികളിലെ ഭാരം കുറയ്ക്കാനായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തയ്യാറാക്കി.

ഓരോ പഞ്ചായത്തുകളിലും 10 അധികം കിടക്കകളും ഓരോ മുനിസിപ്പല്‍ വാര്‍ഡുകളിലും 50 കിടക്കകളും ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തോളം അധിക കിടക്കകളാണ് സജ്ജമാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നെന്നും കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികളെ അഭിനന്ദിക്കുകയാണെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here