ചെന്നിത്തലയുടെ വാദം വീണ്ടും പൊളിയുന്നു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി കണ്‍സള്‍ട്ടന്‍സി കരാര്‍; രേഖകള്‍ തന്നെ തെളിവ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരവകാശവാദം കൂടി പൊളിയുന്നു. കൊച്ചി മെട്രോക്ക് മാത്രമാണ് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്റിനെ നിയമിച്ചുള്ളൂവെന്ന വാദമാണ് പൊളിയുന്നത്.

നിരവധി പദ്ധതികള്‍ക്ക് കണ്‍സള്‍ട്ടന്റിനെ നിയമിച്ചുവെന്നതിന് നിയമസഭാ രേഖകള്‍ തന്നെ തെളിവാകുകയാണ്. നോളജ് സിറ്റി,ജന്‍ഡര്‍ പാര്‍ക്ക്,എയര്‍കേരള തുടങ്ങി നിരവധി പദ്ധതികള്‍ക്കാണ് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സികളൊന്നും ഉണ്ടായിരുന്നില്ല എന്നും അതിനൊരപവാദമായി നില്‍ക്കുന്നത് കൊച്ചി മെട്രോയ്ക്കായി ഡി.എം.ആര്‍.സി.യെ കണ്‍സള്‍ട്ടന്റായി നിയമിച്ചതു മാത്രമാണ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം.

വസ്തുതകള്‍ പരിശോധിച്ചശേഷമാണ് താന്‍ ഇക്കാര്യം പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.വസ്തുതകള്‍ പുറത്തു വരുമ്പോള്‍ ചെന്നിത്തലയുടെ ഒരു വാദം കൂടിയാണ് പൊളിയുന്നത്.ഇനി വസ്തുതകള്‍ പരിശോധിക്കാം.

2014 ല്‍ നോളജ് സിറ്റിയുടെ കണ്‍സള്‍ട്ടന്റായി M/s Accenture Services Pvt Ltd.(ആക്‌സഞ്ചര്‍) എന്ന സ്ഥാപനത്തെ യുഡി ഫ് സര്‍ക്കാര്‍ നിയമിച്ചു. 25 ലക്ഷം രൂപയായിരുന്നു ഫീസ്.

2015 ജൂലൈയില്‍ നിയമസഭയില്‍ ചോദ്യത്തിനുള്ള മറുപടിയായി അന്നത്തെ ആഭ്യന്തരവകുപ്പു മന്ത്രി . രമേശ് ചെന്നിത്തല പറഞ്ഞത്, പൊലീസ് വകുപ്പിലെ ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് സിസ്റ്റം (CCTNS) പദ്ധതിക്കായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിനെ നിയമിച്ചിരുന്നു എന്നാണ്. 40 കോടി38 ലക്ഷം രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസായി നിശ്ചയിച്ചത് എന്നും അദ്ദേഹം അന്ന് സഭയെ അറിയിച്ചു.

2015 മാര്‍ച്ചില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി . എം.കെ. മുനീര്‍ നിയമസഭയെ അറിയിച്ചത് മറ്റൊരു കണ്‍സള്‍ട്ടന്‍സി കരാറാണ്. ജന്‍ഡര്‍ പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്റായി സ്‌പേസ് ആര്‍ട്ട് എന്ന സ്ഥാപനത്തെ നിയമിച്ച കാര്യമായിരുന്നു അത് .

2014 മാര്‍ച്ചില്‍ തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു തീരദേശ കപ്പല്‍ ഗതാഗത പദ്ധതി നടത്തിപ്പിനായി ഡിലോയിറ്റ് (Deloitte) എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ നിയമിച്ച കാര്യവും, 2015 നവംബറില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്റായി എയ്‌കോം ഏഷ്യ കമ്പനിയെയും അവരുടെ സാമ്പത്തിക പങ്കാളിയായ ക്രിസിലിനെയും കണ്‍സള്‍ട്ടന്റായി നിയമിച്ച കാര്യവും നിയമസഭയെ അറിയിച്ചു.

2015 നവംബറില്‍ മുന്‍മുഖ്യമന്ത്രി . ഉമ്മന്‍ചാണ്ടി എയര്‍കേരള പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി ഏണസ്റ്റ് ആന്റ് യംഗ് എന്ന കമ്പനിയെ നിയമിച്ചതും സഭയെ അറിയിച്ചു.

2016 ഫെബ്രുവരിയില്‍ ജലനിധിയുടെ കണ്‍സള്‍ട്ടന്റായി സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയേണ്‍മെന്റല്‍ സ്റ്റഡീസ്, ഇന്റര്‍ കോ-ഓപ്പറേഷന്‍ സോഷ്യല്‍ ഡെവലപ്‌മെന്റ് ഇന്‍ഡ്യ എന്നീ സ്ഥാപനങ്ങളെ കണ്‍സള്‍ട്ടന്റായി നിയമിച്ചതും യു ഡി എഫ് സര്‍ക്കാരാണ്.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ചുരുക്കം ചില കണ്‍സള്‍ട്ടന്‍സി കരാറുകള്‍ മാത്രമാണ് ഇതെല്ലാം.പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന വാദങ്ങള്‍ ഒക്കെയും പിന്‍വലിക്കേണ്ടി വരുന്നു എന്നത് പുതുമയുള്ള കാര്യമല്ല.ഇതും അക്കൂട്ടത്തില്‍ ഒന്നു മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News