പ്രതിപക്ഷത്തിന്റെ കണ്‍സള്‍ട്ടന്‍സി ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യം മറച്ചുവെച്ചുള്ളതെന്ന് തെളിഞ്ഞു; നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിന്റെ ചെലവ് വഹിച്ചത് ഇന്ത്യന്‍ എംബസിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷം ഉന്നിയച്ച ജലവിഭവ വകുപ്പിലെ കണ്‍സള്‍ട്ടന്‍സി ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യം മറച്ച് വച്ചുള്ളതെന്ന് തെളിഞ്ഞു. നെതര്‍ലാന്‍ഡ്‌സിലെ 6 സ്ഥാപനങ്ങളെയും ബിഡ്ഡ് ഇവാല്യുവേഷന് ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.

അന്നത്തെ ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വിശ്വാസ് മേത്തയുടെ അഭിപ്രായത്തെയാണ് മുഖ്യമന്ത്രിയുടെ തീരുമാനമായി വ്യാഖ്യാനിക്കുന്നത്. നെതര്‍ലാന്റ്‌സ് സന്ദര്‍ശനത്തിന്റെ ചെലവ് വഹിച്ചത് ഇന്ത്യന്‍ എംബസിയാണ് മുഖ്യമന്ത്രി വ്യക്തമാക്കി.

ജലവിഭവ വകുപ്പിലേയ്ക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള താല്‍പര്യപത്രം ക്ഷണിക്കാനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ഫയലിനെപ്പറ്റിയാണ് ആരോപണമുയര്‍ന്നത്. ടെന്‍ഡര്‍ ഇവാല്യുവേഷന്‍ കമ്മിറ്റി മെയ് 31, 2019 ന് ചേരുകയും 6 സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തു.

ബിഡ്ഡുകള്‍ തുറക്കുന്നതിനു മുമ്പ് അന്താരാഷ്ട്ര പ്രോജക്ടുകളുടെ അനുഭവ പരിചയത്തെ ഇന്ത്യന്‍ പ്രോജക്ടുകളുടെ അനുഭവപരിചയമായി പരിഗണിക്കാമോ എന്ന സ്പഷ്ടീകരണം റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിനോട് ആവശ്യപ്പെട്ടു. അവര്‍ നല്‍കിയ അഭിപ്രായം അന്താരാഷ്ട്ര പ്രോജക്ടുകളിലെ അനുഭവപരിചയം ഇന്ത്യന്‍ പ്രോജക്ടുകളിലെ അനുഭവപരിചയത്തിനു തുല്യമായി പരിഗണിക്കാന്‍ കഴിയില്ല എന്നതായിരുന്നു.

6 സ്ഥാപനങ്ങളെയും പരിഗണിക്കണോ, അതോ നിഷ്‌കര്‍ഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന 4 സ്ഥാപനങ്ങളെ പരിഗണിച്ചാല്‍ മതിയോ എന്ന ചോദ്യത്തിന് അന്നത്തെ ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വിശ്വാസ് മേത്ത രേഖപ്പെടുത്തിയത് 6 സ്ഥാപനങ്ങളെയും തുടര്‍പ്രക്രിയയ്ക്ക് പരിഗണിക്കാമെന്നാണ്.

നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിച്ചവേളയില്‍ ഈ സ്ഥാപനങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു എന്നും അദ്ദേഹം ഫയലില്‍ അഭിപ്രായം രേഖപ്പെടുത്തി. ഇവരെ ഒഴിവാക്കുന്നത് ഡച്ച് ഗവണ്‍മെന്റുമായുള്ള ബന്ധത്തിന് നല്ല സന്ദേശം നല്‍കില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ഇതിനെയാണ് കണ്‍സള്‍ട്ടന്‍സി കരാറിന് യാത്ര സഹായിച്ചു എന്ന വ്യാജ ആരോപണം ഉയത്തിയത്. നെതര്‍ലാന്റ്‌സ് സന്ദര്‍ശനത്തിന്റെ ചെലവ് വഹിച്ചത് ഇന്ത്യന്‍ എംബസിയാണ് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുവരെ 6 സ്ഥാപനങ്ങളെയും ബിഡ്ഡ് ഇവാല്യുവേഷന് ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഫയലില്‍ എഴുതുന്ന അഭിപ്രായത്തെയാണ് മുഖ്യമന്ത്രിയുടെ തീരുമാനമായി പ്രതിപക്ഷ നേതാവ് വ്യാഖ്യാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here