വിദ്യാര്‍ത്ഥികള്‍ക്ക് കരുതലായി ഡിവൈഎഫ്ഐ; വിതരണം ചെയ്തത് പതിനൊന്നായിരത്തിലധികം ടിവികള്‍

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ടി.വി. ചലഞ്ചിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 11,500 ടെലിവിഷനുകള്‍ ഡിവൈഎഫ്‌ഐ വിതരണം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി ടി.വി.കള്‍ക്കൊപ്പം 110 ടാബുകളും 194 മൊബൈലുകളും വിതരണം ചെയ്തു.

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികളെ സഹായിക്കാനാണ് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. ടിവി ചലഞ്ചിന് തുടക്കമിട്ടത്.

ഒരോ മേഖല കമ്മിറ്റിയും ടി.വി. ഇല്ലാത്ത കുട്ടികളെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. എല്ലാ ജില്ലകളിലും പദ്ധതി മികച്ച രീതിയില്‍ നടപ്പായി. 1304 ടി.വികള്‍ കൈമാറിയ എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടി.വികള്‍ വിതരണം ചെയ്തത്.

പാലക്കാട്-1074, കൊല്ലം-1066, ത്രിശ്ശൂര്‍-1050, കോഴിക്കോട്-960, കണ്ണൂര്‍-870, തിരുവനന്തപുരം-863, ആലപ്പുഴ-762, പത്തനംതിട്ട-748, മലപ്പുറം-682, കോട്ടയം-613, ഇടുക്കി-537, കാസര്‍ഗോഡ്-511, വയനാട്-460 ടിവികളുമാണ് മറ്റ് ജില്ലകളില്‍ വിതരണം ചെയ്തത്.

ടി.വി ചലഞ്ച് വഴി നേരിട്ടും അല്ലാതെയും സംസ്ഥാനത്ത് ഇരുപതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠന സഹായമെത്തിക്കാന്‍ ഡിവൈഎഫ്ഐക്ക് സാധിച്ചു. ആദിവാസി കേന്ദ്രങ്ങളില്‍ ടിവി വിതരണത്തിന് പ്രത്യേക പദ്ധതിയും തയ്യാറാക്കിയിരുന്നു. സംസ്ഥാനം നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ ഓരോ ദിവസവും അവസരോചിതമായ ഇടപെടലാണ് ഡിവൈഎഫ്‌ഐ കാഴ്ച്ചവച്ചത്.

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന് പിന്തുണയും സഹായഹസ്തവുമായി സമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിലെ പ്രമുഖര്‍ പങ്കുചേര്‍ന്നിരുന്നു. നടി മഞ്ചുവാര്യര്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നടന്‍ സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി സമൂഹത്തിന്റെ നാനാവിഭാഗത്തില്‍ നിന്നുള്ളവര്‍ ക്യാമ്പയിന്റെ ഭാഗമായി ടി.വി. കൈമാറി.

സന്നദ്ധരായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നുള്ള ടിവി സ്പോണ്‍സര്‍ഷിപ്പും ചലഞ്ചിന്റെ ഭാഗമാക്കിയിരുന്നു. അതോടൊപ്പം റീസൈക്കിള്‍ കേരളയുടെ ഭാഗമായി ശേഖരിക്കുന്ന പഴയ ടിവികള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിപ്പയര്‍ ചെയ്തും നല്‍കി.

പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തില്‍ ആര്‍ക്കും നഷ്ടപ്പെടാതിരിക്കുവാനുമുള്ള അവസരോചിതമായ ഇടപാലായി മാറി ഡിവൈഎഫ്‌ഐയുടെ ക്യാമ്പയിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News