തിരുവനന്തപുരം: കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം ശരിയായ ദിശയില്‍ തന്നെയാണെന്നും രോഗബാധിതരുടെ എണ്ണത്തിലുള്ള വര്‍ധനയില്‍ പരിഭ്രാന്തി വേണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വൈറോളജി വിഭാഗം മുന്‍ മേധാവിയും മലയാളിയുമായ ഡോ. ടി ജേക്കബ് ജോണ്‍.
”ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താല്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സ്വാഭാവികമാണ്. പ്രവാസികളായ ലക്ഷക്കണക്കിന് മലയാളികള്‍ കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. പുറമെനിന്നുവരുന്ന രോഗവാഹകരെ തടഞ്ഞാല്‍ മാത്രമേ കൊവിഡിനെ പൂര്‍ണമായും പിടിച്ചുകെട്ടി എന്ന് അവകാശപ്പെടാന്‍ കഴിയൂ. തായ്വാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമേ അതിന് കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ കേരളം മടങ്ങി വന്നവരെ തടഞ്ഞില്ല.”
”പ്രവാസികളെ സ്വീകരിക്കാനുള്ള അസാമാന്യമായ ചങ്കൂറ്റമാണ് കാണിച്ചത്. അണുബാധിതരെ കണ്ടെത്തി അവരില്‍ നിന്നും വേറെയാര്‍ക്കും പകരില്ലെന്ന് ഉറപ്പാക്കുക മാത്രമേ പ്രതിവിധിയുള്ളൂ. ആ വഴിക്കാണ് കേരളം മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ വിജയം മങ്ങുകയല്ല, മറിച്ച് കൂടുതല്‍ തിളങ്ങുകയാണ്. ഇക്കാര്യത്തില്‍ ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ വിജയം.”
”കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശത്തിനോ നിര്‍ദേശത്തിനോ കാത്ത് നില്‍ക്കാതെയാണ് കൊവിഡിനെ ചെറുക്കാന്‍ കേരളം രംഗത്തിറങ്ങിയതെന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തിന്റേതായ ഒരു ശൈലി തന്നെ രൂപപ്പെടുത്തി. സര്‍ക്കാര്‍ ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തി. മറ്റൊരു സംസ്ഥാനത്തും ഈ പ്രവണത കാണാന്‍ കഴിഞ്ഞില്ല. ഇവിടെ ജനങ്ങളും സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒറ്റക്കെട്ടായാണ് കൊവിഡിനെതിരെ യുദ്ധം ചെയ്യുന്നത്. അതേസമയം കേന്ദ്രവും മറ്റു സംസ്ഥാനങ്ങളും ജനങ്ങളെ പൂര്‍ണമായും മാറ്റിനിര്‍ത്തി.”
”രോഗികളുടെ എണ്ണം കൂടുന്നതില്‍ പരിഭ്രാന്തിയേ വേണ്ട. ലോക്ഡൗണിലേക്ക് തിരിച്ചുപോകേണ്ട കാര്യവുമില്ല. സോഷ്യല്‍ വാക്സിനാണ് (ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍, സോപ്പുപയോഗിച്ച് കൈകഴുകുക)ഏറ്റവും നല്ല പ്രതിവിധി. സാമൂഹ്യസമ്പര്‍ക്കം ഇല്ലാതാക്കുകയല്ല, സുരക്ഷിതമാക്കുകയാണ് വേണ്ടത്. പ്രായമുള്ളവരെ വീട്ടില്‍ തന്നെയിരുത്തണം. ഇവരെ സംരക്ഷിച്ച് കേരളം ഇപ്പോഴുള്ള അഭിമാനകരമായ നേട്ടം നിലനിര്‍ത്തണം.”
”രോഗം ബാധിച്ച് എത്രപേര്‍ മരിക്കുന്നുവെന്നതാണ് പ്രധാനം. അണുബാധിതരായ എല്ലാവരും രോഗികളാകുന്നില്ല. കൊവിഡ് പോസിറ്റീവ് ആയവരില്‍ ഓക്സിജന്റെ അളവ് കുറയുന്നത് മൂലം രോഗബാധിതരാകുന്നവരുടെ എണ്ണമാണ് കണക്കിലെടുക്കേണ്ടത്. മരണനിരക്ക് നോക്കിയാല്‍ കേരളം ഇപ്പോഴും വളരെ പിന്നിലാണ്.”
”രക്തത്തില്‍ ഓക്സിജന്റെ അളവ് കൃത്യമായി അറിയുന്നതിന് പള്‍സ് ഓക്സി മീറ്റര്‍ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാക്കണമെന്നാണ് എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളത്. രണ്ടായിരം രൂപയില്‍ താഴെയേ ഇതിന് വിലയുള്ളൂ.”
കടപ്പാട്: ദേശാഭിമാനി

Get real time update about this post categories directly on your device, subscribe now.