സച്ചിന്‍ പൈലറ്റിനും എംഎല്‍എമാര്‍ക്കും ആശ്വാസമേകി രാജസ്ഥാന്‍ ഹൈക്കോടതി; വിമതര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ഉത്തരവ്

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമത നീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനും 18 എം.എല്‍.എമാര്‍ക്കും ആശ്വാസമേകി രാജസ്ഥാന്‍ ഹൈകോടതി.വിമതര്‍ക്ക് എതിരെ നടപടി എടുക്കരുത് ഹൈ കോടതി ഉത്തരവിട്ടു. തല്‍സ്ഥിതി നിലനിര്‍ത്താന്‍ രാജസ്ഥാന്‍ സ്പീക്കര്‍ക്ക് ഹൈകോടതി നിര്‍ദേശം നല്‍കി.

അസാധാരണ നടപടികളാണ് രാജസ്ഥാന്‍ ഹൈകോടതിയില്‍ നടന്നത്. സര്‍ക്കാരിനെതിരെ വിമത നീക്കം ചൂണ്ടികാട്ടി സ്പീക്കര്‍ സിപി ജോഷി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ ഇരിക്കെയാണ് കേസ് വീണ്ടും നീട്ടാന്‍ ഹൈ കോടതി തീരുമാനിച്ചത്.

കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്ന സച്ചിന്‍ പൈലറ്റിന്റെ അപേക്ഷ അംഗീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. കക്ഷി ചേരുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായി 15 മിനിറ്റ് കോടതി നടപടികള്‍ നിര്‍ത്തി വച്ചു. പിനീട് കോടതി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ത്തു.

അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കേന്ദ്ര സര്‍ക്കാരിനായി ഹാജരായി. തുടര്‍ന്ന് വിധി പറയുന്നത് നീട്ടിയ കോടതി, സച്ചിന്‍ പൈലറ്റിനും വിമത എം. എല്‍. എ മാര്‍ക്കുമെതിരെ നടപടി എടുക്കരുത് എന്ന് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കി.

അന്തിമ വിധി വരുന്നത് വരെ തല്‍സ്ഥിതി നിലനിര്‍ത്തണം. സച്ചിന്‍ പൈലറ്റിനും വിമത എം. എല്‍. എ മാര്‍ക്കുമെതിരെ നല്‍കിയ നോട്ടീസ് കൂറുമാറ്റ നിരോധന നിയമ പരിധിയില്‍ വരുമോയെന്നു കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഹൈകോടതി അഭിപ്രായം തേടി. ഇതിന് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാവകാശം ചോദിച്ചിട്ടുണ്ട്. ഇതോടെ സച്ചിന്‍ പൈലറ്റിനും വിമതര്‍ക്കും നല്‍കിയിരിക്കുന്ന നോട്ടീസിനെതിരായ ഹര്‍ജിയിലെ കോടതി വിധി വൈകുമെന്ന് ഉറപ്പായി.

ഹൈകോടതി ഇടപെടലിനെതിരെ സ്പീക്കര്‍ സിപി ജോഷി സുപ്രീം കോടതിയില്‍ നല്‍കിയ ഹാജിയിലെ തീരുമാനവും പരിശോധിക്കുമെന്നും ഹൈ കോടതി വ്യക്തമാക്കി. അതിനാല്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നടക്കുന്ന വാദം നിര്‍ണായകമാണ്.

അതേ സമയം, ഹൈകോടതി തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗവര്‍ണ്ണറേ കണ്ടു നിയമസഭ വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടു. തിങ്കളാഴ്ച സഭ ചേരാന്‍ തയാറാണ് എന്നും വ്യക്തമാക്കി. എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങിയ ഗവര്‍ണ്ണര്‍ സഭ വിളിച്ചു ചേര്‍ക്കാത്തത് ദുരൂഹമാണെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel