രോഗവ്യാപനമാണ് പട്ടാമ്പി നഗരസഭാ ചെയർമാൻ്റെ ലക്ഷ്യം, രോഗം സ്ഥിരീകരിച്ച ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായി സമ്പർക്കം പുലർത്തിയ ചെയർമാൻ നിരീക്ഷണത്തിൽ പോവാതെ കൊവിഡ് മാർഗ നിർദ്ദേശം ലംഘിക്കുന്നു – സി പി ഐ എം

പട്ടാമ്പിയിൽ കോവിഡ്- 19 രോഗം വ്യാപിക്കാനിടയാക്കുന്ന സമീപനമാണ് നഗരസഭാ ചെയർമാൻ സ്വീകരിക്കുന്നതെന്ന് സിപിഐ എം പട്ടാമ്പി ഏരിയാ കമ്മറ്റി. നഗരസഭയുടെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് കോവിഡ്- 19 പരിശോധനയിൽ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുള്ളതാണ്. അദ്ദേഹവുമായി സമ്പർക്കമുണ്ടായ ചെയർമാൻ നിരീക്ഷണത്തിൽ പോകാൻ തയാറാകാതെ നഗരസഭയിലും പൊതു ഇടങ്ങളിലും പരിപാടികളിൽ പങ്കെടുക്കുന്നത് അപകടകരമാണ്.

രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിലിരിക്കണമെന്ന കോവിഡ് മാർഗനിർദ്ദേശങ്ങളാണ് ചെയർമാൻ ലംഘിക്കുന്നത്. രോഗബാധിതനായ വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട നഗരസഭാ സെക്രട്ടറിയടക്കമുള്ള പല ജീവനക്കാരും നിരീക്ഷണത്തിലാണ്.

പട്ടാമ്പിയിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ചുമതലയുള്ള നോഡൽ ഓഫീസറും ക്വാറന്റയിനിലായി. ഇവരോടൊപ്പം നിരീക്ഷണത്തിലിരിക്കേണ്ട ചെയർമാനും റവന്യൂ ഇൻസ്പെക്ടറടക്കമുള്ള ചില ജീവനക്കാരും നിരീക്ഷണത്തിൽ പോകാത്തത് ജനങ്ങളിൽ ഉൽക്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്.

പട്ടാമ്പി മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗവ്യാപനം ശക്തിപ്പെടുകയും ജനങ്ങൾ ഭീതിയിലാവുകയും ചെയ്തു. നഗരത്തിൽ ജനങ്ങൾ ഒത്തുകൂടുന്നതിനെതിരെ കർശന നടപടി സ്വീകരിച്ചു. ഇപ്പോൾ 10 ദിവസം പ്രയാസമനുഭവിക്കേണ്ടി വന്നാലും വലിയ അപകടത്തെ ഒഴിവാക്കാൻ ആരോഗ്യ പ്രവർത്തകരുടെ കർശനമായ നിർദ്ദേശം നടപ്പാക്കുന്നതിന് നേതൃത്വം നൽകേണ്ടയാളാണ് നഗരസഭാ ചെയർമാൻ.

മൂന്ന് ദിവസം തുണിക്കടകൾ ഉൾപ്പെടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ചെയർമാന്റെ അഭിപ്രായപ്രകടനം നിഷ്കളങ്കമായ ഒന്നായി കാണാൻ കഴിയില്ല. അടച്ചിടൽ വ്യാപാരികൾക്ക് പ്രയാസം സൃഷ്ടിച്ചു എന്നത് ശരിയാണ്. ജനങ്ങളുണ്ടെങ്കിലല്ലേ വ്യാപാര സ്ഥാപനങ്ങൾ നിലനിൽക്കൂ. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനാവശ്യമായ നിർദ്ദേശമാണ് ആരോഗ്യ പ്രവർത്തകർ മുന്നോട്ടു വെക്കുന്നത്.

വ്യാപാരികളോടുള്ള സ്നേഹവായ്പിന്റെ ഭാഗമാണ് ചെയർമാന്റെ അഭിപ്രായപ്രകടനമെന്ന് തോന്നാമെങ്കിലും ലക്ഷ്യം രോഗവ്യാപനം സൃഷ്ടിക്കലാണെന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല.ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു സമീപനമല്ല ഉയർന്നു വരേണ്ടതെന്ന് ചില മാധ്യമങ്ങൾ തന്നെ ഇതിനകം അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്.

ജനങ്ങളെ ജാഗരൂകരാക്കേണ്ടവർ തന്നെ ഇളവുകൾ വേണമെന്ന ആവശ്യം പരസ്യമായി ഉയർത്തുമ്പോൾ സ്വാഭാവികമായും ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കാനുള്ള പ്രവണത കാട്ടും. നമ്മുടെ പ്രദേശത്ത് പലയിടത്തും ഇത് കാണുന്നുണ്ട്. ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും രോഗവ്യാപനം ശക്തിപ്പെടാനിടയാക്കും. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ലംഘിച്ചാൽ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലെത്തുമെന്നാണ് സൂചന.

പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും ഭീതിജനകമായ സ്ഥിതിയാണ്; ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ടു പോകുമെന്ന് ആരോഗ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ് സ്വയം പാലിക്കാൻ ഓരോരുത്തരും തയാറാകണം. അതിനുള്ള പ്രേരണ നൽകുകയും പ്രചരണം നടത്തുകയും ചെയ്യേണ്ട ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ ഭാഗത്തു നിന്നുണ്ടായ അഭിപ്രായപ്രകടനം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ്.

പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ രാഷ്ട്രീയപ്രേരിതമെന്നു പറഞ്ഞ് തള്ളിക്കളയുന്ന നഗരസഭാ ചെയർമാന്റെ നിലപാടാണ് പട്ടാമ്പിയിൽ ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയത്.നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്റ്ററെ തൽസ്ഥാനത്തുനിന്ന് മാറ്റി പകരം ഒരു ക്ലാർക്കിനെ ആരോഗ്യപ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ ഏൽപ്പിച്ചതും, പട്ടാമ്പി മാർക്കറ്റ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടും സമീപപ്രദേശങ്ങളിലെ അടച്ചിട്ട മാർക്കറ്റിലെ ലേലം ഇവിടെ നടത്താൻ സൗകര്യം ഒരുക്കിയതും നഗരസഭയുടെ വീഴ്ചയായെ കാണാൻ കഴിയു.

പട്ടാമ്പിയിലെ സ്ഥിതിവിശേഷത്തിന്റെ ഗൗരവം ഉൾക്കൊണ്ട് വിവേകപൂർണമായ നിലപാട് സ്വീകരിക്കാൻ നഗരസഭാ ചെയർമാൻ എനിയെങ്കിലും തയാറാവണം. ഈ സന്ദർഭത്തിൽ സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയാറാകണമെന്നും സി പി ഐ എം വാർത്താ കുറിപ്പിൽ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here