തിരുവനന്തപുരം: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും കൊവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്ന വാര്‍ത്തകളും നല്‍കരുതെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇന്ന് വന്ന ഒരു മാധ്യമവാര്‍ത്തയുടെ തലക്കെട്ട് കുട്ടികളെ ആരു നോക്കും എന്നാണ്. പരിശോധനയ്ക്ക് പോകാന്‍ വീട്ടമ്മമാരും മറ്റും പറയുന്ന കാരണം അവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ വീട്ടിലെ കുട്ടികളും വൃദ്ധരും തനിച്ചാവും എന്നാണ്. രോഗബാധ ഇല്ലാതെയിരിക്കാനാണ് തുടക്കം മുതല്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരെ റിവേഴ്‌സ് ക്വാറന്റൈനിലാക്കണം എന്നു പറഞ്ഞത്.
വയോജനങ്ങളില്‍ രോഗം മാരകമാവും എന്നു തുടക്കം മുതല്‍ പറയുന്നതാണ്. പ്രായമുള്ളവരേയും കുട്ടികളേയും രക്ഷിക്കാനായി പരിശോധന നടത്താതെയിരുന്നാല്‍ അവര്‍ക്ക് രോഗം കണ്ടെത്തും മുമ്പ് ഈ രണ്ട് വിഭാഗത്തേയും രോഗം ബാധിക്കുകയും അവരുടെ ജീവന് ഭീഷണിയാവുകയും ചെയ്യും.
പരിശോധനയ്ക്ക് വിധേയരാക്കാത്തവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഉണ്ടാവാന്‍ പാടില്ല. സാധാരണഗതിയില്‍ എന്താണ് ഈ വാര്‍ത്തയുടെ ഉദ്ദേശം എന്നാണ്. സാധാരണക്കാരായ ആളുകള്‍ക്ക് ടെസ്റ്റുമായി സഹകരിക്കാന്‍ വിമുഖതയാണോ താത്പര്യമാണോ ഈ വാര്‍ത്ത സൃഷ്ടിക്കുക എന്ന് നിങ്ങള്‍ സ്വയംവിലയിരുത്തണം. ചിലപ്പോള്‍ ചിലര്‍ തെറ്റായ നിലപാട് സ്വീകരിച്ചേക്കാം. അവരെ തിരുത്തി കൊണ്ടു വരിക എന്നതാണ് ശരിയായ സമീപനം.
കേരളത്തില്‍ ഇതിനോടകം ആയിരങ്ങള്‍ ക്വാറന്റീനില്‍ പോയി എത്രയോ പേര്‍ ചികിത്സയില്‍ പോയി. എന്നിട്ട് ആരെയെങ്കിലും നോക്കാത്ത അവസ്ഥയുണ്ടായോ. ഇനി ആര്‍ക്കെങ്കിലും അങ്ങനെ ബുദ്ധിമുട്ടുണ്ടായാല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനത്തെ അറിയിച്ചാല്‍ അവര്‍ക്ക് വേണ്ട സഹായം നമ്മള്‍ ചെയ്യും. ഇതുവരെ അങ്ങനെയല്ലേ ഈ സര്‍ക്കാര്‍ മുന്നോട്ട് പോയത്.
ദയവായി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും കൊവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്ന വാര്‍ത്തകളും കൊടുക്കരുത്. ഇക്കാര്യത്തില്‍ മാധ്യമലോകം സഹകരിക്കും എന്നാണ് പ്രതീക്ഷ.
Get real time update about this post categories directly on your device, subscribe now.