സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെത്തിയതായി എന്‍ഐഎ

സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെത്തിയതായി എന്‍ഐഎ. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സ്വപ്ന കോടിപതിയാണെന്ന് എൻഐഎ വ്യക്തമാക്കിയത്.

എന്നാൽ സ്വർണ്ണം ദുബായിലെ ഷേഖ് വിവാഹ സമ്മാനമായി നല്‍കിയതാണെന്നായിരുന്നു സ്വപ്നയുടെ മറുപടി. ചോദ്യം ചെയ്യലില്‍ കസ്റ്റംസില്‍ നിന്ന് മാനസിക സമ്മര്‍ദ്ദം ഉണ്ടായതായും സ്വപ്ന കോടതിയില്‍ പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണവും പണവും കണ്ടെടുത്തതെന്ന് എൻഐഎ വ്യക്തമാക്കി. എസ്ബിഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വര്‍ണ്ണവും കണ്ടെത്തി.

തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 36.5 ലക്ഷം രൂപയാണ് കണ്ടെത്തിയത്. സ്വപ്‌നയുടെ വീട്ടില്‍ നിന്നും പണം പിടിച്ചെടുത്തിട്ടുണ്ട്. ബംഗലൂരുവില്‍ നിന്നും പിടിച്ചെടുത്ത ബാഗ് സ്വപനയുടെയാണ്. ഇതില്‍ നിന്ന് ചില രേഖകളും കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. എന്നാല്‍ ഇവ അനധിക്യതമായ സമ്പാദ്യമല്ലെന്നായിരുന്നു സ്വപ്‌നയുടെ വാദം.

ദുബായിലെ ഷേഖ് വിവാഹ സമ്മാനമായി നല്‍കിയതാണ് സ്വര്‍ണ്ണമെന്നും സ്വപ്ന പറഞ്ഞു. എന്‍ഐഎയുടെ കസ്റ്റഡിയില്‍ വെച്ചുള്ള കസ്റ്റംസിൻ്റെ ചോദ്യം ചെയ്യലിൽ വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദ്ധമുണ്ടായി. പല മൊഴികളും നല്‍കിയത് മാനസിക സമ്മര്‍ദ്ധത്തിന് വഴങ്ങിയാണെന്നും സ്വപ്ന പറഞ്ഞു. ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന വാദമാണ് സ്വപ്‌ന മുന്നോട്ട് വെച്ചത്.

മുതിർന്ന അഭിഭാഷകനെ ഹാജരാക്കി ഇതിനെ ശക്തമായി എതിര്‍ക്കാനാണ് എന്‍ഐഎയുടെ തീരുമാനം. ബുധനാഴ്ച്ച സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുബോള്‍ എന്‍ഐഎയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. അടുത്തമാസം 21 വരെ റിമാന്റ് ചെയ്ത സ്വപ്‌നയെയും സന്ദീപിനെയും കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി.

ജുഡീഷ്യൽ കസ്റ്റഡിയില്‍ മക്കളെ നേരില്‍ കാണാന്‍ അനുവദിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിച്ചു. അതിനിടെ ഇവരുവരുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. പ്രതികളെ കസ്റ്റഡിയില്‍ ലഭിയ്ക്കാന്‍ സാമ്പത്തിക കുറ്റക്യത്യങ്ങള്‍ പരിഗണിയ്ക്കുന്ന കോടതിയെ സമീപിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. അതേ സമയം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും പ്രതികൾക്കായി തിങ്കളാഴ്ച കോടതിയെ സമീപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here